പുറക്കാട് അകലാപ്പുഴയ്ക്ക് സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് പോസ്റ്റ്‌ലിടിച്ച് മറിഞ്ഞു; ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്


പുറക്കാട്: അകലാപ്പുഴയ്ക്ക് സമീപം ഗോവിന്ദന്‍ കെട്ട് റോഡില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍ പുറകെ വന്ന ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. പുറക്കാട് പടിഞ്ഞാറെ നല്ലാട്ടില്‍ ‘തീരം’ എ.ടി ബാബു (53), ഭാര്യ രേഖ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 6.30 യോടെയാണ് സംഭവം.

കണ്ണൂരില്‍ നിന്നും പുറക്കാട് ഭാഗത്തേക്ക് കല്ലുമായി പോവുകയായിരുന്ന ലോറി ഗോവിന്ദന്‍ കെട്ട് റോഡി കയറ്റം കയറുന്നതിനിടെ, പിന്നോട്ടേക്ക് വരികയും സൈഡിലുണ്ടായിരുന്ന പോസ്റ്റിലിടിച്ച് മറിയുകയുമായിരുന്നു. എതിരേ വന്ന ഓട്ടോറിക്ഷക്ക് വഴിയൊരുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പിറകില്‍ വരികയായിരുന്ന ബൈക്ക് ഓടിച്ചിരുന്ന ബാബുനും ഭാര്യയ്ക്കും അപകടത്തിൽ പരിക്കേറ്റു. ബാബുവിൻ്റെ കാലിനാണ് പരിക്കേറ്റത്.  കാലിന് പരിക്കേറ്റ ബാബുവിനെയും ഭാര്യയെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നാല് മണിക്കൂറോളം തടസപ്പെട്ടു. രാത്രി 10.30 യോടെ ക്രെയിനുപയോഗിച്ച് ലോറി മാറ്റിയ ശേഷം ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.