നന്തിക്കാര്‍ക്ക് ആശ്വാസം; വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയായ കാട്ടുപൂച്ച ഒടുവില്‍ വനം വകുപ്പിന്റെ കെണിയിലായി


നന്തി ബസാര്‍: നന്തിക്കാരെ ദിവസങ്ങളോളം ആശങ്കയിലാക്കിയ കാട്ടുപൂച്ച ഒടുവില്‍ പിടിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കാട്ടുപൂച്ച കുടുങ്ങിയത്. ബുധനാഴ്ച രാവിലെ അഞ്ചരയോടെ നന്തി സ്വദേശി നൗഫലാണ് പൂച്ച കൂട്ടിലകപ്പെട്ടത് ആദ്യം കണ്ടത്. രാത്രി വൈകിയോ പുലര്‍ച്ചെയോടെയോ ആണ് പൂച്ച കൂട്ടില്‍ പെട്ടത് എന്നാണ് അനുമാനിക്കുന്നത്.

നൗഫലിന്റെ വീടിന് സമീപമാണ് കാട്ടുപൂച്ച പത്ത് ദിവസത്തോളമായി നിലയുറപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ ഒന്നൊന്നായി കാട്ടുപൂച്ച കൊന്നിരുന്നു. പതിനൊന്ന് കോഴികളെയും രണ്ട് താറാവുകളെയും രണ്ട് മുയലുകളെയുമാണ് പൂച്ച കൊന്നത് എന്ന് നൗഫല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നൗഫലിന്റെ വീട്ടില്‍ ആകെ ഒരു കോഴി മാത്രമാണ് അവശേഷിച്ചിരുന്നത്. ഈ കോഴിയെ കൂട്ടില്‍ വച്ചാണ് കാട്ടുപൂച്ചയ്ക്കായി കെണിയൊരുക്കിയത്. ജനങ്ങളുടെ ആവശ്യപ്രകാരം താമരശ്ശേരിയില്‍ നിന്നുള്ള വനംവകുപ്പിന്റെ ആര്‍.ആര്‍.ടി സംഘമാണ് നന്തിയിലെത്തി ട്രാപ് ഗേറ്റ് കൂട് സ്ഥാപിച്ചത്.

സമീപമുള്ള കടയുടെ മുകളിലായിരുന്നു ഇത്രയും ദിവസം കാട്ടുപൂച്ച കഴിഞ്ഞിരുന്നത്. പൂച്ച കെണിയിലായ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ആര്‍.ആര്‍.ടി സംഘം വൈകാതെ തന്നെ നന്തിയിലെത്തി കാട്ടുപൂച്ചയെ കൊണ്ടുപോകും എന്നാണ് വിവരം.

മാര്‍ജ്ജാര വംശത്തില്‍പ്പെട്ട ഒരു വന്യ ഇനമാണ് കാട്ടുപൂച്ച അഥവാ കാട്ടുമാക്കാന്‍. കേരളത്തില്‍ പ്രാദേശികമായി കോക്കാന്‍, കോക്കാന്‍പൂച്ച, പോക്കാന്‍ എന്നും അറിയപ്പെടുന്നു. മനുഷ്യരെ ഉപദ്രവിക്കാത്ത ഇവ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ഭക്ഷണമാക്കാറുണ്ട്. ഇത്തരത്തിലാണ് നനതിയിലുമെത്തിയിരിക്കുക.

ചെറിയ സസ്തനികളും പക്ഷികളുമാണ് ഇവയുടെ പ്രധാന ഇര. ഇരയെ പിന്തുടര്‍ന്ന് വേട്ടയാടുന്നതാണ് പൊതുവേയുള്ള രീതി. ഇരയുടെ സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കാന്‍ ചെവികള്‍ സഹായിക്കുന്നു. അടുത്തെത്തിയ ശേഷം കുതിച്ചുചാടി ഇരയെ കീഴ്‌പ്പെടുത്തുന്നതാണ് കാട്ടുപൂച്ചകളുടെ രീതി.


Related News: വളർത്ത് മൃഗങ്ങളെ തട്ടിയെടുത്ത് അജ്ഞാതജീവി; ദിവസങ്ങൾ നീണ്ട ആശങ്കയ്ക്ക് ഒടുവിൽ നന്തി ബസാറിലെ ‘കള്ളനെ’ കണ്ടെത്തി നാട്ടുകാർ, പിടികൂടാൻ താമരശ്ശേരിയിൽ നിന്നുള്ള സംഘമെത്തി