നിങ്ങളുടെ ഇഷ്ട്ടപെട്ട വനിതാ ക്രിക്കറ്റർ ആരാണെന്നു നിങ്ങളൊരു പുരുഷ ക്രിക്കറ്ററോട് ചോദിക്കുമോ? ഒരു വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു ആ ചോദ്യം; ക്രിക്കറ്റ് ജെന്റില്‍മാന്മാരുടെ മാത്രം കളിയല്ലെന്ന് ഓർമ്മപ്പെടുത്തി മിതാലി രാജ് പടിയിറങ്ങുകയാണ്; വനിതകൾക്ക് നല്ല വഴി കാട്ടി കൊണ്ട്; പത്രപ്രവർത്തകനായ അബിൻ പൊന്നപ്പൻ്റെ കുറിപ്പ് വായിക്കാം


നിതാ ക്രിക്കറ്റിൽ തന്നെ മാറ്റത്തിന്റെ സിക്സറുകൾ പറത്തിയ ക്രിക്കറ്റർ മിതാലി രാജ് പടിയിറങ്ങുകയാണ്, വനിതാ ക്രിക്കറ്റിൽ നിന്ന്.. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു മിതാലി രാജ്. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററും ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരിയുമാണ്. 23 വർഷം നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്. മിതാലിയുടെ വിരമിക്കൽ പ്രഖ്യാപനത്തോട് അനുബന്ധിച്ച് മനോഹരമായ ഒരു കുറിപ്പെഴുതിയിരിക്കുകയാണ് പത്രപ്രവർത്തകനായ അബിൻ പൊന്നപ്പന്‍.

2017 ലെ ലോകകപ്പിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ മിതാലിയോട് ചോദിച്ചു, ആരാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റര്‍ എന്ന്. അതിന് മിതാലി നല്‍കിയ മറുപടി ഈ ചോദ്യം നിങ്ങളൊരു പുരുഷ ക്രിക്കറ്റ് താരത്തോട് ചോദിച്ചുമോ എന്നായിരുന്നു. ” ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ആ ചോദ്യത്തോടെ മാറ്റങ്ങൾ ആരംഭിക്കുകയായിരുന്നു എന്നാണ് അബിൻ  പറയുന്നത്. സമർത്ഥയായ കളിക്കാരിയെന്നതിനോടൊപ്പം തന്നെ മികച്ച വഴികാട്ടിയുമായിരുന്നു മിതാലി.

പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്:
വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, ഏറ്റവും കൂടതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച വനിത, ഇന്ത്യയെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നയിച്ച ക്യാപ്റ്റന്‍ ഇങ്ങനെ ഒരുപാട് റെക്കോര്‍ഡുകള്‍ മിതാലിയുടെ പേരിലുണ്ട്. ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാള്‍. എന്നാല്‍ മിതാലി രാജ് എന്ന പേര് കേള്‍ക്കുമ്പോള്‍ എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഒരു ചോദ്യവും അതിനുള്ള ഉത്തരവുമാണ്.

2017 ലെ ലോകകപ്പിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ മിതാലിയോട് ചോദിച്ചു, ആരാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റര്‍ എന്ന്. അതിന് മിതാലി നല്‍കിയ മറുപടി ഈ ചോദ്യം നിങ്ങളൊരു പുരുഷ ക്രിക്കറ്റ് താരത്തോട് ചോദിച്ചുമോ എന്നായിരുന്നു. “എന്റെ കരിയറിലുടനീളം ഈ ചോദ്യം നേരിട്ടിട്ടുണ്ട്, പക്ഷെ ഇനിയെങ്കിലും നിങ്ങള്‍ ഈ ചോദ്യം പുരുഷ താരങ്ങളോടും ചോദിക്കണം. കാലം മാറി, സോഷ്യല്‍ മീഡിയ സജീവമായി. എന്നിട്ടും അംഗീകാരത്തിന്റെ കാര്യത്തില്‍ താണ്ട് ഒരുപാട് ദൂരമുണ്ട്. പുരുഷ ക്രിക്കറ്റ് നമ്മളെല്ലാവരും ഫോളോ ചെയ്യുന്നുണ്ട്. അവിടേയ്ക്ക് വനിതാ ക്രിക്കറ്റിനേയും എത്തിക്കേണ്ടതുണ്ട്”.

മിതാലിയുടെ ആ മറുപടിയുണ്ടായുണ്ടാക്കിയ ഇംപാക്ട് വ്യക്തിപരമായി വളരെ വലുതായിരുന്നു. ക്രിക്കറ്റെന്നാല്‍ സച്ചിനും ഗാംഗുലിയും ധോണിയും കോഹ്ലിയും രോഹിത്തുമൊക്കെ മാത്രമായിരുന്നു എനിക്കും. അഞ്ജും ചോപ്ര, മിതാലി രാജ്, ജുലന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍ എന്നൊക്കെയുള്ള പേരുകള്‍ കേട്ടിട്ടുണ്ടെങ്കിലും ഒരിക്കലും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ മനസിലേക്ക് ആദ്യം കടന്നു വന്നിരുന്നില്ല.

പക്ഷെ മിതാലിയുടെ വാക്കുകള്‍ എന്നെ തിരുത്തി. 2017 ലെ ലോകകപ്പ് മുതല്‍ വനിതാ ക്രിക്കറ്റും ഫോളോ ചെയ്യാന്‍ തുടങ്ങി. ജേണലിസ്റ്റ് എന്ന നിലയില്‍ ആ ലോകകപ്പിലെ ഓരോ മത്സരവും, പ്രത്യേകിച്ച് ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ എല്ലാ മത്സരവും കാണുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ആ ശീലം ഇന്നും തുടരുന്നു. അന്ന് മിതാലിയുടെ നേതൃമികവിലാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്. കാവ്യനീതിയെന്ന വണ്ണം ആ ലോകകപ്പ് മിതാലിയുയര്‍ത്തുമെന്ന് തോന്നിപ്പിച്ചിരുന്നു. സ്‌പോര്‍ട്‌സ് പലപ്പോഴും അങ്ങനെ കാവ്യനീതി നടപ്പാക്കാറുണ്ട്. പക്ഷെ ആ ഫെയറി ടേലിന് ഒരു ശുഭാന്ത്യമുണ്ടായില്ല. ഫൈനലില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെട്ടു.

പക്ഷെ ആ ലോകകപ്പില്‍ ജയിച്ചത് മിതാലിയും സംഘവും തന്നെയായിരുന്നു. അതുവരെയില്ലാത്ത വിധം വനിതാ ക്രിക്കറ്റിന് ഇന്ത്യയില്‍ സ്വീകാര്യത ലഭിച്ചു. തോറ്റ് നാട്ടിലെത്തിയ ടീമിനെ രാജ്യം സ്വീകരിച്ചത് വിജയികളെ പോലെയായിരുന്നു. പിന്നീടിങ്ങോട്ട് ഇന്ത്യയുടെ മത്സരങ്ങളില്‍ മിക്കതിലും ഗ്യാലറി നിറഞ്ഞു. ടെലിവിഷന് മുന്നിലും കാണികളെത്തി. പുരുഷ ക്രിക്കറ്റിൻ്റെ ആഘോഷമായിരുന്ന ഐപിഎല്ലില്‍ വനിതാ ഐപിഎല്‍ വേണമെന്ന ആവശ്യം ശക്തമായി. അതിലേക്കുള്ള ആദ്യ പടിയായി വനിതാ ടി-ട്വന്റി ചലഞ്ച് ആരംഭിക്കുകയും ചെയ്തു.

എന്നെ പോലെ എത്ര പേരെയാകും മിതാലി അന്ന് തിരുത്തിയിട്ടുണ്ടാവുക? ക്രിക്കറ്റ് എന്നത് ജെന്റില്‍മാന്മാരുടെ മാത്രം കളിയല്ലെന്ന് ഓര്‍മ്മപ്പെടുത്തിയിട്ടുണ്ടാവുക? ഇന്നിതാ അവര്‍ പടിയിറങ്ങുകയാണ്. ഒരു ലോകകപ്പ് നേടാനായില്ലെങ്കിലും അതിലും വിലപ്പെട്ടത് പലതും നേടാനവര്‍ക്ക് സാധിച്ചു. ജയിക്കുമ്പോള്‍ മാത്രം ഓര്‍ക്കപ്പെടുന്നൊരു കൂട്ടത്തില്‍ നിന്നും ജയത്തിലും തോല്‍വിയിലും കൂടെ നില്‍ക്കുന്ന ആരാധകരുള്ള ടീമായി ഇന്ത്യ മാറിയിരിക്കുന്നു. സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും ജമീമയും ഷെഫാലിയും പ്രിയ പൂനിയയും ദീപ്തി ശര്‍മയും ഹര്‍ലീന്‍ ഡിയോളുമൊക്കെ നമ്മളുടെ ഫീഡുകളില്‍ നിറയുന്നു. അവര്‍ക്കും തുടർച്ചക്കാരുണ്ടാകുന്നു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് അതിന്റെ ശോഭനമായ ഭാവിയിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ആ യാത്രയ്ക്കുള്ള വഴി ഒരുക്കിയതും നടന്നു കാണിച്ചു തന്നതും മിതാലിയായിരുന്നു. നന്ദി മിതാലി, നേട്ടങ്ങള്‍ കൊണ്ടും റെക്കോര്‍ഡുകള്‍ കൊണ്ടും മാത്രമല്ല നിശബ്ദമായും ശബ്ദമുയര്‍ത്തിയുമെല്ലാം നിങ്ങള്‍ നടപ്പിലാക്കിയ വിപ്ലവത്തിന്…❤️💙

രാജ്യത്തിനു മികച്ച മാതൃകയായ മിതാലിയെന്ന സിംഗപെണ്ണിനു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെ ബിഗ് സല്യൂട്ട്.