എങ്ങു നിന്നോ വന്നു, എങ്ങോട്ടോ പോയി…. ഇതിനിടയില്‍ അയാള്‍ കൊയിലാണ്ടിക്ക് സമ്മാനിച്ചത് ജീവന്‍ തുടിക്കുന്ന അതിമനോഹരമായ ചിത്രം (ചിത്രങ്ങള്‍ കാണാം)


വേദ കാത്റിൻ ജോർജ്

കൊയിലാണ്ടി: എങ്ങു നിന്നോ വന്നു, എങ്ങോട്ടോ പോയി…. ഇതിനിടയില്‍ അയാള്‍ കൊയിലാണ്ടിക്ക് സമ്മാനിച്ചത് ജീവന്‍ തുടിക്കുന്ന അതിമനോഹരമായ ചിത്രം. ഇന്നലെ വൈകുന്നേരമാണ് കൊയിലാണ്ടി ടൗണിലെ ഒരു പീടിക ചുമരില്‍ ആ അത്ഭുത കാഴ്ച സംഭവിച്ചത്.


കീറി പറിഞ്ഞ മുണ്ടും ഷര്‍ട്ടുമിട്ട് പ്രാകൃത രൂപത്തില്‍ ടൗണിലൂടെ നടന്നു വന്ന ആളെ ആദ്യം നാട്ടിലാരും ശ്രദ്ധിച്ചില്ല. അയാള്‍ തിരിച്ചും… എന്നാല്‍ സുബൈദ സൈക്കിള്‍ മാര്‍ട്ടിന്റെ മുന്‍വശത്തെ ഒഴിഞ്ഞ ചുമര് കണ്ടപ്പോള്‍ അയാള്‍ പിടിച്ചു നിര്‍ത്തിയ പോലെ നില്‍ക്കുകയായിരുന്നു. പിന്നിട് പതിയെ ചുറ്റും നോക്കി തന്റെ പണിയായുധങ്ങള്‍ തപ്പിയെടുത്തു. മണ്ണും കരിയും ചോക്കും പച്ചിലയും പൂക്കളും അങ്ങനെ എല്ലാ വര്‍ണ്ണങ്ങള്‍ക്കുമുള്ള പ്രതിവിധി അയാള്‍ ചുറ്റുപാടില്‍ നിന്നും കണ്ടെത്തി.

നിമിഷങ്ങള്‍ നീളും തോറും ഭിത്തിയില്‍ ചായങ്ങള്‍ കൂടി കൂടി വന്നു, ചുറ്റും കാഴ്ച കാണാന്‍ വന്നവരുടെ എണ്ണവും…. ഒടുവില്‍ രണ്ടു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പീടിക ചുമര്‍ അതി മനോഹരമായ ചിത്രമുള്ള ക്യാന്‍വാസായി മാറിയെന്ന സത്യം ആളുകള്‍ തിരിച്ചറിയുകയായിരുന്നു. മരങ്ങളും പുഴയും പക്ഷികളും ഒരു വീടുമൊക്കെയായി നാട്ടിനുപുറത്തെ പ്രകൃതി കാഴ്ച അങ്ങനെയേ ഒപ്പിയെടുത്ത വെച്ചത് പോലെയൊരു വര.

കാണികള്‍ കൂടിയതും കൗതുകം വര്‍ദ്ധിച്ചതുമൊന്നും ആളെ ബാധിച്ചില്ല. രണ്ട് മണിക്കൂറിനകം വര പൂര്‍ത്തിയാക്കി അയാള്‍ എങ്ങോട്ടോ മറഞ്ഞു…. ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും പിടികൊടുക്കാതെ…. ഇയാള്‍ പല സ്ഥലത്തും ചുമരുകളില്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ വരയ്ക്കാറുണ്ട് എന്ന് പലരും പറയുന്നുണ്ടെങ്കിലും ആളാരാണെന്നു സ്വദേശമെവിടെ ആണെന്നോ ആര്‍ക്കുമറിയില്ല.

പ്രകൃതി സൗന്ദര്യമാണ് ഇദ്ദേഹത്തിന്റെ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. പച്ചപ്പും ഹരിതാഭവും ചാഞ്ഞു നില്‍ക്കുന്ന തെങ്ങുകളും, തെങ്ങു കയറുന്നു തൊഴിലാളിയും, നടന്നു പോകുന്ന മനുഷ്യനും അങ്ങനെ ഒരു ഗ്രാമത്തിന്റെ എല്ലാ സൂക്ഷ്മ വിവരങ്ങളും ആ ചിത്രത്തില്‍ കാണാം.

ഒരു പക്ഷെ ഒരു നിയോഗമായി ആയിരിക്കാം അയാളെത്തിയത്. കൊയിലാണ്ടിയുടെ ചുവരുകളില്‍ നിറങ്ങള്‍ പകരുവാനും, കൊയിലാണ്ടിക്കാരുടെ മനസ്സില്‍ വര്‍ണ്ണം നിറയ്ക്കുവാനും…