അഭിമാനമായി ആന്തട്ട സ്‌കൂള്‍; കോഴിക്കോട് ജില്ലയിലെ മികച്ച സ്‌കൂള്‍ പി.ടി.എയ്ക്കുള്ള പുരസ്‌കാരം കൊയിലാണ്ടിയിലെ ആന്തട്ട ഗവ. യു.പി സ്‌കൂളിന്


കൊയിലാണ്ടി: ഈ വര്‍ഷത്തെ മികച്ച സ്‌കൂള്‍ പി.ടി.എകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ കോഴിക്കോട് ജില്ലയിലെ മികച്ച സ്‌കൂള്‍ പി.ടി.എയ്ക്കുള്ള പുരസ്‌കാരം കൊയിലാണ്ടി ആന്തട്ട ഗവ. യു.പി സ്‌കൂള്‍ നേടി.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ മികച്ച സ്‌കൂള്‍ പി.ടി.എയ്ക്കുള്ള പുരസ്‌കാരം മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ നേടി. പ്രൈമറി വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന സ്‌കൂളിന് 70,000 രൂപയാണ് സമ്മാനമായി ലഭിക്കുക. ഹൈ സ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന സ്‌കൂളിന് 85,000 രൂപയാണ് അവാര്‍ഡ് തുക.

പ്രൈമറി വിഭാഗത്തില്‍ രണ്ടാം സ്ഥാനം പേരാമ്പ്ര തൃക്കുറ്റിശ്ശേരി ഗവ. യു.പി സ്‌കൂളും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ രണ്ടാം സ്ഥാനം താമരശ്ശേരി നായര്‍കുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളും നേടി. രണ്ടാം സ്ഥാനക്കാര്‍ക്ക് 40,000 രൂപ വീതമാണ് ലഭിക്കുക. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.മനോജ് കുമാറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.