കൊയിലാണ്ടി മുൻ ആർ.ടി ഓഫീസിനു സമീപം വാഴക്കുലകളുമായി പോയ മിനിലോറി മറിഞ്ഞ് അപകടം (വീഡിയോ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടിയിൽ വാഴക്കുല കയറ്റി വന്ന മിനി ലോറി മറിഞ്ഞു. പഴയ ആർ.ടി ഓഫീസിനു സമീപം എം.ആർ ടയറിനു മുൻപിലായിരുന്നു അപകടം. വാഹനത്തിന്റെ ചില്ല് പൂർണ്ണമായും തകർന്നു.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മിനി ലോറിയുടെ ടയറ് പഞ്ചറായി നിയന്ത്രണം വിട്ട് മറിഞ്ഞതാണ് എന്ന് ദൃക്‌സാക്ഷികൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. മറ്റു വാഹനങ്ങളിലൊന്നും ഇടിക്കാഞ്ഞതിനാൽ വലിയ അപകടങ്ങളിൽ നിന്ന് ഒഴിവായി.

അപകടത്തിൽ ഡ്രൈവറിന് പരിക്കുകളില്ല. റോഡിനു മധ്യത്തിലായി വാഹനം മറിഞ്ഞതിനാൽ ഗതാഗതം ഭാഗികമായി തടസ്സപെട്ടു. സ്കൂളിലേക്കും, ഓഫീസുകളിലേക്കും പോകാനായി നിരവധി പേരാണ് ഈ വഴി ആശ്രയിക്കുന്നത്. എന്നാൽ ഒരു ഭാഗത്തു കൂടെ വാഹനം പോകുന്നുണ്ട്.

വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെത്തി. വാഹനം ഒരു വശത്തേക്ക് മറിഞ്ഞു കിടക്കുകയാണ്, ഇതുവരെയും വാഹനം മാറ്റിയിട്ടില്ല. സ്ഥലത്തെ ചുമട്ടു തൊഴിലാളികൾ എല്ലാവരും ചേർന്ന് വാഹനത്തിലുണ്ടായിരുന്ന വാഴക്കുലകൾ മാറ്റുകയാണ്.