ഇതാ കോടിക്കലിലെ ആ ഏകാകിയായ മീന്‍വേട്ടക്കാരന്‍, ആഴക്കടലിലെ ഇരുളിലും അലയനക്കം നോക്കി ചൂണ്ടയെറിയുന്ന ‘ചിരുകണ്ടന്‍’ എന്ന വേണുവേട്ടനെ അറിയാം


പി.കെ. മുഹമ്മദലി

പ്രിയപ്പെട്ട സുഹൃത്തും ദേശത്തിന്റെ എഴുത്തുകാരനുമായ ഡോ.സോമൻ കടലൂരിന്റെ പുള്ളിയൻ നോവൽ കേരളത്തിൽ ചർച്ചയായിരിക്കുകയാണ്. സാഹിത്യാസ്വാദകരും സാഹിത്യകാരൻമാരും കേരളത്തിലെ പ്രമുഖരുമെല്ലാം പുള്ളിയൻ നോവൽ വായിച്ച് പ്രതികരണങ്ങൾ എഴുതിയിരിക്കുകയാണ്. ഒരു പക്ഷേ ഒരു നവാഗത നോവലിസ്റ്റിന്റെ നോവലിന് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകരണമാണ് ഈ കൃതിയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായൊരു നോവലാണിത് എന്ന് ഒരേ സ്വരത്തിൽ സകലരും പറയുന്നു.

കടലും കടലോരജീവിതവും ഇത്രയും സമൃദ്ധമായി, സജീവമായി അടുത്തകാലത്ത് മറ്റൊരു നോവലിലും ആവിഷ്കരിച്ചു കണ്ടിട്ടില്ല. കടലൂരിലെ കോടിക്കലെന്ന ഗ്രാമത്തിന്റെ സമഗ്രമായ കടലോർമ്മകളാണിത്. കടലാഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത കഥാമുത്തുകളിൽ ചിരുകണ്ടന്റെ ജീവിതമാണ് തുടിക്കുന്നത്.കടലിനെ ഹൃദയം നിറഞ്ഞ് സ്നേഹിച്ച ചിരുകണ്ടൻ കടലിന്റെ പൊന്നോമന കളികൂട്ടുകാരനാണ്. നോവലിൽ ചിരുകണ്ടന്റെ കടൽ നായാട്ട് അവിസ്മരണീയമാണ്.

എന്നാൽ ആരാണ് ചിരുകണ്ടൻ എന്നആ അത്ഭുത മനുഷ്യൻ. ഇതാ ആ കടൽപ്പുത്രൻ നമ്മുടെ മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ചിരുകണ്ടെനെന്ന കടലിന്റെ പൊന്നുമോനെ നമ്മുക്കൊന്ന് പരിചയപ്പെടാം. കോടിക്കൽ എ.എം.യു.പി.സ്കൂളിന്റെ പിൻവശത്ത് കാട്ടിൽ വളപ്പിൽ താമസിക്കും കഞ്ഞിപുരയിൽ വേണു. കോടിക്കൽ സ്കൂളിൽ നിന്ന് നാലാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞ് പന്ത്രണ്ടാം വയസിൽ കടൽ ജീവിതം ആരംഭിച്ചതാണ്‌. 57 വർഷമായി കടലിനെ ഹൃദയം നിറഞ്ഞ് സ്നേഹിക്കുന്ന കളികൂട്ടുകാരനായി വേണുഏട്ടൻ മാറിയിരിക്കുകയാണ്. ജീവിതത്തിന്റെ പകുതിയും കടലിലാണ്. ആദ്യം ഇരുപത് വർഷം മറ്റ് മീൻ പണിക്കാരോടൊപ്പം ഒന്നിച്ച് ജോലി ചെയ്യുകയും അതിന് ശേഷം 37 വർഷമായി ഒറ്റയ്ക്ക് ജോലി ചെയ്യുകയാണ്. ഏകാകിയുടെ മീൻ വേട്ട എന്ന് സോമൻ കടലൂർ തന്നെ മുമ്പ് ഇദ്ദേഹത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. രാത്രിയിൽ ഒറ്റയ്ക്കാണ് തോണിയെടുത്ത് കടലിൽ പോവുന്നത്. പാതി രാത്രിയിൽ ഒരു തോണിയിൽ പരന്ന്കിടക്കുന്ന മഹാസമുദ്രത്തിന്റെ നിലാവെളിച്ചെത്തിൽ വേണുഏട്ടൻ മാത്രമെ ഉണ്ടാകൂ.

ക്ഷമയോടെ നേരം തെളിയുന്നത് വരെ ചുണ്ടയിട്ട് തോണിനിറയെ മീനുമായിട്ടാണ് വേണു ഏട്ടൻ മടങ്ങിവരുന്നത്. ആവോലി എന്ന മൽത്സ്യം ഒഴിച്ച് ബാക്കിയൊല്ലാ മിനുകളും വേണു ഏട്ടന്റെ കൈപ്പിടിയിലായിട്ടുണ്ട്. കടലിന്റെ എല്ലാ കാലവസ്ഥയും കൃത്യമായി വേണുഏട്ടന് അറിയാം . അദ്ദേഹം കടലിൽ പോവുമ്പോൾ നാട്ടുകാർക്കും മറ്റ് മത്സ്യതൊഴിലാളികൾക്കും അറിയാം കടലിൽ നിറയെ മീനുണ്ടെന്ന്. മ‌ീനുണ്ടാകുന്ന കൃത്യമായ സമയവും സ്ഥലവും വേണുഏട്ടന് അറിയാം. പാതിരയ്ക്ക് രാത്രിയിൽ ഒറ്റയ്ക്ക് ആഴക്കടലി പോവുന്നത് പതിവാണ്.

പ്രതിസന്ധി ഘട്ടങ്ങളെല്ലാം തരണം ചെയ്താണ് വേണുഏട്ടന്റെ കടൽ ജീവിതം.ഇപ്പോൾ വയസ് 69 തികഞ്ഞു . ആരോഗ്യം കുറഞ്ഞതോടെ അധിക ദിവസവും രാവിലെയാണ് പോകാറ്.കടലിൽ പോയില്ലെങ്കിലും കോടിക്കൽ കടപ്പുറത്ത് കടലിനോട് കഥപറഞ്ഞ് ഇരുപത്തിനാല് മണിക്കൂറും വേണുഏട്ടൻ ഉണ്ടാകും. ഈയ്യിടെ കേരളത്തിന് പുറത്തുള്ള പല ഗവേഷക വിദ്യാർത്ഥികളും വേണുഏട്ടനെ തേടി കടലറിവ് നേടാൻ വീട്ടിലെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി മണിക്കൂറുകളോളം വേണു ഏട്ടനുമായി സംസാരിക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ കടലോർമ്മകളും കടലറിവുകളും കേട്ടു.

ഒരു ദിവസം മുഴുവനും കേട്ടാലും തിരില്ല വേണുഏട്ടന്റെ കഥ സമയം വൈകിയതിനാൽ ബാക്കി പിന്നെ പറയാംമെന്ന് പറഞ്ഞ് മടങ്ങിയതാണ്. സോമൻ കടലൂർ വർഷങ്ങളോളം വേണുവേട്ടനുമായി സംവദിച്ചതിന്റെ സദ്ഫലമാണ് യഥാർത്ഥത്തിൽ പുള്ളിയൻ നോവൽ.ഒരു അത്ഭുത മനുഷ്യൻ തന്നെയാണ് വേണുവേട്ടൻ എന്ന് സാഹിത്യവും നോവലും ഒരുപോലെ നമ്മളോട് പറയുന്നു.കടലിനെ കുറിച്ചും മത്സ്യങ്ങളെ കുറിച്ചും എല്ലാം അറിയുന്ന ഒരു ഗവേഷക പണ്ഡിതപ്രതിഭ തന്നെയാണ് അദ്ദേഹം.എന്റെ ബാപ്പയും വേണു ഏട്ടനും കോടിക്കൽ സ്കൂളിൽ ഒന്നിച്ച് പഠിച്ച് കളിച്ച് നടന്ന കളിക്കൂട്ടുകാരാണ് എന്ന അറിവ് സംസാരത്തിനിടയിൽ അദ്ദേഹം പറഞ്ഞു തന്നതാണ്. സ്നേഹം വേണുവേട്ടാ – കടലാഴം നിറഞ്ഞ മനസ് ഇപ്പോഴും കാത്തുസൂക്ഷിച്ചതിന്.