വിദേശത്ത് നഴ്‌സിംങ്ങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോഴിക്കോട് സ്വദേശിയായ യുവതിയുടെ രണ്ടുലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയില്‍


കോഴിക്കോട്: അമേരിക്കയില്‍ നേഴ്സിങ്ങ് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി ജോസഫ് ഡാനിയലിനെ (52) ആണ് അറസ്റ്റിലായിരിക്കുന്നത്. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട്ടെ വ്യാജ വിലാസം നല്‍കിയാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. കോഴിക്കോട് തുരുത്തിയാട് സ്വദേശിയായ യുവതിയില്‍ നിന്ന് അമേരിക്കയില്‍ നേഴ്സിങ്ങ് അസിസ്റ്റന്റ് ജോലിയും ഓണ്‍ലൈന്‍ കോഴ്സും വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ കൈക്കലാക്കിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. സംഭവം പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ചെന്നൈയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈബര്‍ സെല്ലിന്റ സഹായത്തോടെയാണ് നടക്കാവ് പൊലീസ് ഇയാളെ പിടികൂടിയത്.

എഡി.യു.ഫ്യൂച്ചറിസ്റ്റിക് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ചെന്നൈയില്‍ സ്ഥാപനം തുടങ്ങി കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ളവരെ വിസ വാഗ്ദാനം ചെയ്ത് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പൊലീസ് പറഞ്ഞു. ആഡംബരജീവിതം നയിക്കുന്നതിനാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്നും പൊലീസ് പറയുന്നു.

പ്രതിയെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.