ഡോക്ടറുടെ നിര്‍ദേശം മാനിക്കാതെ മുറിവിലെ സ്റ്റിച്ചഴിച്ചത് കാരണം അമിത രക്തസ്രാവമുണ്ടായി; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റിനെതിരെ പരാതിയുമായി കീഴരിയൂര്‍ സ്വദേശി


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റിന്റെ ഭാഗത്തുനിന്നും ചികിത്സാപ്പിഴവെന്ന് കീഴരിയൂര്‍ സ്വദേശിയുടെ പരാതി. തെങ്ങുകയറ്റ തൊഴിലാളിയായ നൊച്ചിയില്‍ വീട്ടില്‍ നാരായണന്‍ (57) ആണ് ഇതുമായി ബന്ധപ്പെട്ട് സുപ്രണ്ടിനും കൊയിലാണ്ടി പൊലീസിലും പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ടി ഡോ.വിനോദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ജോലിയ്ക്കിടെ കാലിന്റെ മുട്ടിന് ആഴത്തില്‍ മുറിവേറ്റ നാരായണന്‍ നവംബര്‍ അഞ്ചിനാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധന നടത്തിയ ഡോക്ടര്‍ കാലിന് സ്റ്റിച്ച് ഇടാന്‍ നിര്‍ദേശിച്ചതുപ്രകാരം സ്റ്റിച്ചിട്ട് വീട്ടില്‍ വിശ്രമിക്കുകയുമായിരുന്നു. നവംബര്‍ 11 വീണ്ടും ഡോക്ടറെ കാണിച്ചപ്പോള്‍ മുറിവ് ഉണങ്ങിയിട്ടില്ലെന്നും ഒരാഴ്ചകൂടി കഴിഞ്ഞ് സ്റ്റിച്ച് എടുത്താല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. മുറിവില്‍ മരുന്ന് പുരട്ടി ഡ്രസ് ചെയ്യാന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഡ്രസിങ് റൂമിലേക്ക് പോയ നാരായണനോട് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിങ് അസിസ്റ്റന്റ് മോശമായി പെരുമാറുകയും ഡോക്ടറുടെ നിര്‍ദേശം പരിഗണിക്കാതെ സ്റ്റിച്ച് എടുത്തുകളയുകയും ചെയ്‌തെന്നാണ് പരാതി.

നഴ്‌സിങ് അസിസ്റ്റന്റ് സ്റ്റിച്ച് അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരാഴ്ച കൂടി കഴിഞ്ഞ് അഴിച്ചാല്‍ മതിയെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് അറിയിച്ചിരുന്നെന്ന് നാരായണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എന്നാല്‍ നിങ്ങളുടെ നിര്‍ദേശമൊന്നുംവേണ്ട, ഞങ്ങള്‍ക്കറിയാം എന്ത് ചെയ്യണമെന്ന് എന്ന തരത്തില്‍ ധിക്കാരപരമായി പെരുമാറിയെന്നും നാരായണന്‍ ആരോപിക്കുന്നു. സ്റ്റിച്ച് അഴിച്ചശേഷം വീട്ടില്‍പോയി മുറിവില്‍ തേച്ച് ഉരച്ച് കഴുകിയാല്‍ മതിയെന്നാണ് നഴ്‌സിങ് അസിസ്റ്റന്റ് പറഞ്ഞത്. മുറിവില്‍ പൊടിയാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് താന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് വീട്ടിലേക്ക് പോകുന്ന സമയത്ത് മുറിവ് കെട്ടിതന്നതെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലെത്തിയതിന് പിന്നാലെ മുറിവഴിച്ച് നഴ്‌സിങ് അസിസ്റ്റന്റ് പറഞ്ഞതുപോലെ കഴുകി കുളിച്ചതിന് പിന്നാലെ മുറിവില്‍ നിന്നും അമിതമായ രക്തസ്രാവം ഉണ്ടാവുകയായിരുന്നു. വീണ്ടും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും സ്റ്റിച്ചിടാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ ഇവരെ അറിയിക്കുകയായിരുന്നു. മുറിവുണങ്ങാതെ സ്റ്റിച്ച് എടുത്തതാണ് രക്തസ്രാവത്തിന് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞതായും നാരായണന്‍ പറയുന്നു.

നഴ്‌സിങ് അസിസ്റ്റന്റിന്റെ പിഴവ് കാരണം തനിക്ക് കുറച്ചധികം ദിവസം ജോലിയ്ക്ക് പോകാന്‍ കഴിയാത്ത സ്ഥിതി വന്നിരിക്കുകയാണ്. ഒന്നുരണ്ടുമാസം കൂടി വിശ്രമിക്കണമെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്. കൂലിപ്പണിക്കാരനായ തനിക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും നാരായണന്‍ വ്യക്തമാക്കി. ഇതിനാലാണ് പരാതിയുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.