”അങ്ങോട്ട്‌ മാറടായെന്ന്‌ തമിഴ് ചുവയിൽ ആക്രോശിച്ചു, ബ്ലേഡ് കൊണ്ട്‌ കഴുത്തിന്‌ നേരെ വീശി”; കല്ലായി റെയില്‍വേ സ്‌റ്റേഷനില്‍ നേരിട്ട ദുരനുഭവം പങ്കിട്ട് അരിക്കുളം സ്വദേശി


കൊയിലാണ്ടി: കല്ലായി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് അരിക്കുളം സ്വദേശി. ട്രെയിനിലെ സ്ഥിര യാത്രക്കാരനായ മാത്തോട്ടം വനശ്രീയില്‍ ജോലി ചെയ്യുന്ന ഗിരീഷ് ആണ് റെയില്‍വേ സ്‌റ്റേഷനുകളിലെ സുരക്ഷ സംബന്ധിച്ച് അനുഭവം പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് കല്ലായി റെയില്‍വേ സ്‌റ്റേഷനിലെ ഇരിപ്പിടത്തില്‍ ഇരിക്കുന്നതിനിടെയാണ് സംഭവം. മദ്യപിച്ചെത്തിയ രണ്ട് പേര്‍ ഭക്ഷണം കഴിക്കാനായി സമീപത്ത് വന്നിരുന്നെന്നും പിന്നാലെ തങ്ങള്‍ക്ക് ഇവിടെയിരുന്ന് ഭക്ഷണം കഴിക്കണമെന്ന രീതിയില്‍ കൈകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു. എന്നാല്‍ സമീപത്ത് ഇഷ്ടം പോലെ
സ്ഥലമുണ്ടല്ലോ എന്ന് ചോദിച്ച തന്നോട് അടുത്ത് വന്ന് മോശമായി സംസാരിക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കുറിപ്പില്‍ പറയുന്നത്. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് ഗിരീഷ് പരാതി കൊടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പിടികൂടിയതായി പന്നിയങ്കര പോലീസില്‍ നിന്നും വിവരം ലഭിച്ചെന്നും ഗിരീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

പതിനാറ് വർഷത്തിലധികമായി കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോടേക്കും തിരിച്ചും ട്രെയിനിൽ യാത്ര ചെയ്യാൻ തുടങ്ങിയിട്ട്. സൗകര്യം, സുരക്ഷിതം, സമയലാഭം, ധനലാഭം ഇതൊക്കെയാണ് സ്ഥിരം യാത്രയ്ക്ക് തീവണ്ടിയെ ആശ്രയിക്കുന്നതിന് പ്രധാന കാരണം. എന്നാൽ നമ്മുടെ സ്റ്റേഷനുകൾ അത്ര സുരക്ഷിതമല്ല എന്നത് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു.

ഇന്ന് (31.08.2024) വൈകുന്നേരത്തെ കോയമ്പത്തൂർ -കണ്ണൂർ എക്സ്പ്രസ്സിൽ കയറുന്നതിനു കല്ലായി റെയില്‍വേ സ്റ്റേഷനിൽ എത്തിയ ഞാൻ തീവണ്ടി വരാൻ സമയമുള്ളതിനാൽ പ്ലാറ്റുഫോമിന്റെ തെക്കേ അറ്റത്ത് ഒഴിഞ്ഞ ഇരിപ്പിടത്തിൽ ഇരുന്ന് മൊബൈൽ ഫോൺ നോക്കുകയായിരുന്നു. ആ സമയം മദ്യപിച്ച് എത്തിയ തമിഴ് സംസാരിക്കുന്ന രണ്ട് പേർ തങ്ങളുടെ ഭക്ഷണപ്പൊതി ഇരിപ്പിടത്തിൽ വെക്കുകയും ഒരാൾ തറയിലിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തു. മറ്റെയാൾ എന്നോട് ഭക്ഷണം കഴിക്കണം എന്ന് കൈകൊണ്ട് കാണിച്ച് അങ്ങോട്ട്‌ മാറടാ എന്ന് തമിഴ് ചുവയിൽ ആക്രോശിച്ചു. അപ്പുറത്ത് ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ എന്ന് ചോദിച്ച എന്നോട് അടുത്ത് വന്നു എന്തൊക്കെയോ പുലഭ്യം പറഞ്ഞു. കുറെ സഹിച്ചപ്പോൾ ഞാൻ പരാതി കൊടുക്കുമെന്ന് അയാളോട് പറഞ്ഞതും നീ കംപ്ലയിന്റ് കൊടുക്കുമാ എന്ന് പറഞ്ഞ് ട്രൗസറിന്റെ പോക്കറ്റിൽ നിന്ന് ബ്ലേഡ് എടുക്കുകയും എന്റെ കഴുത്തിനു നേരെ വീശുകയും ചെയ്തു.

പെട്ടെന്ന് മാറി ഞാൻ എഴുന്നേറ്റ് അപ്പുറത്തേയ്ക്ക് നടന്നപ്പോൾ പിന്നാലെ പുലഭ്യം പറഞ്ഞു കൊണ്ട് വന്നു. ഒടുവിൽ അയാൾ പിൻവാങ്ങി. സ്റ്റേഷനിൽ ഒരു പരാതി എഴുതിക്കൊടുത്തു. ഇതിലൊന്നും ഇടപെടാതെ കൂടെയുള്ളയാൾ എഴുന്നേറ്റ് സ്റ്റേഷന് പുറത്തേക്ക് പോകുമ്പോൾ എന്നോട് പറഞ്ഞു. “പൈത്യക്കാരനാ സാറേ, പരാതി കൊട് ഉള്ളേല് പോട്ടെ”.

ഇത്തരം ഒരുപാട് ആളുകൾ സ്റ്റേഷനുകളിൽ ഉണ്ടാവാറുണ്ട്. ഏതൊക്കെ താരത്തിലുള്ളവരാണെന്ന് നമുക്ക് അറിയുകയുമില്ല. ഒഴിഞ്ഞ സ്ഥലങ്ങളിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഒരു കരുതൽ നല്ലതാണ്.
പരാതി കൊടുത്തു.

തീവണ്ടി എത്തിയപ്പോൾ ഞാൻ കയറി പോന്നു. അപ്പോൾ അയാൾ ആവേശത്തോടെ ഭക്ഷണം കഴിക്കുകയായിരുന്നു. പിന്നീട് RPF ഉം പന്നിയങ്കര പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു.

Description: A native of Arikulam shared his ordeal at Kallayi railway station