“അപകടം പറ്റിയിട്ട് പിന്നെ സങ്കടപ്പെട്ടിട്ടു കാര്യമില്ലല്ലോ”; കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ കൊല്ലം ചിറയ്ക്ക് സമീപം റോഡിലുണ്ടായിരുന്ന മണ്ണ് ഒറ്റയ്ക്ക് മാറ്റി ഒരാൾ; വീഡിയോ കാണാം
സനൽ ദാസ് തിക്കോടി
കൊയിലാണ്ടി: ഒരാവശ്യത്തിന് കൊയിലാണ്ടിക്ക് വരും വഴി ആനക്കുളത്ത് അപ്രതീക്ഷിതമായി ഒരു മഴ. ഉടന്‍ അടുത്തുള്ള ചായക്കടയില്‍ കയറി നിന്നു. ഒരു ചായ കുടിച്ച് മഴയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ചിറയ്ക്ക് വശം നാഷനല്‍ ഹൈവേയില്‍ പെരുമഴയത്ത് ഒരാള്‍ തൂമ്പപ്പണിയില്‍. അതും പെരുമഴയില്‍ റെയിന്‍ കോട്ടൊക്കെയിട്ട്. മഴയൊന്നും പ്രശ്‌നമല്ലാതെ അയാള്‍ പണി തുടര്‍ന്ന് കൊണ്ടേയിരുന്നു.
റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ ഈ കാഴ്ച കണ്ട് വേഗത കുറച്ചു പോയെങ്കിലും ആര്‍ക്കും ഒന്നും മനസ്സിലായില്ല. ആകാംഷ ഒട്ടും അടക്കാനാവാതെയായപ്പോള്‍ മഴ അടങ്ങിയതോടെ കാര്യം അറിഞ്ഞിട്ടു തന്നെ കാര്യമെന്ന് വെച്ചു. അടുത്ത് ചെന്ന് സംസാരിച്ചു.
പയ്യോളി സ്വദേശിയായ കിരണ്‍ സഞ്ചുവാണ് നായകന്‍. കൊയിലാണ്ടിയിലെ ഓഫീസിലേക്ക് വരുന്നതിനായി ദിനവും കിരണ്‍ ഈ വഴി പോവാറുണ്ട്. കഴിഞ്ഞ ആറു മാസത്തിലേറെയായി കൊല്ലം ചിറയ്ക്ക് സമീപം റോഡിന്റെ വശത്തായി മണ്ണ് കിടക്കുന്നു. ദിവസം തോറും ഇത് റോഡിനെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. അങ്ങനെ ഇപ്പോള്‍ ഡിവൈഡര്‍ കഴിഞ്ഞുള്ള പകുതി ഭാഗവും മണ്ണാണ്. ഇവിടെ ഏറെ അപകടം പതിയിരിക്കുന്നു എന്ന് മനസ്സിലായതോടെയാണ് താന്‍ മണ്ണ് മാറ്റാന്‍ തീരുമാനിച്ചതെന്ന് കിരണ്‍ കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു.
കൊയിലാണ്ടി പി.ഡബ്ലു.ഡി. ഓഫിസിലെ സീനിയര്‍ ക്ലര്‍ക്കാണ് കിരണ്‍. പക്ഷെ ഔദ്യോഗിക ജോലിയുടെ ഭാഗമായല്ല കിരണ്‍ ഇത് ചെയ്തത്. ദേശീയപാത പി.ഡബ്ലുവിന്റെ കീഴില്‍ വരുന്നതുമല്ല. ഒരു സാധാരണ യാത്രക്കാരന്റെ, നാട്ടുകാരന്റെ മനസ്സിലെ ആശങ്കകളാണ് കിരണിനെ ഇതിലേക്ക് പ്രേരിപ്പിച്ചത്.
കിരണിന്റെ വാക്കുകളിലേക്ക്: മണ്ണ് റോഡിലേക്ക് കയറി തുടങ്ങിയതോടെ ഇരുചക്ര വാഹനങ്ങള്‍ക്ക് ഏറെ അപകട ഭീതിയുണര്‍ത്താന്‍ തുടങ്ങി. ഒരു ബസ് വന്നാല്‍ ഇരു ചക്ര വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കണമെങ്കില്‍ ഈ മണ്ണിന്റെ പുറത്തു കേറേണ്ടി വരും. പലപ്പോഴും ബാലന്‍സ് കിട്ടിയെന്നു വരില്ല. സ്ത്രീകള്‍ക്കും പ്രായമുള്ളവര്‍ക്കും ഇത് ഏറെ ഭീഷണി ഉളവാക്കി. പലതവണയായി ഇത് കാണുമ്പോള്‍ ഇത് മാറ്റിയാലോ എന്ന് ചിന്തിക്കുമെങ്കിലും വീട്ടിലെത്തുമ്പോള്‍ മറന്നു പോകും. വീണ്ടും ഇത് കാണുമ്പോള്‍ ആണ് ഓര്‍ക്കുക. അങ്ങനെ ഇത് നാളുകളായി തള്ളി പോവുകയായിരുന്നു എന്ന് കിരണ്‍ പറഞ്ഞു.
‘അങ്ങനെ ഒടുവില്‍ ഇന്നലെ ഈ വഴി കടന്നു പോകുമ്പോള്‍ ഞാന്‍ ഉറപ്പിച്ചു നാളെ ഇത് എന്തായാലും ശരിയാക്കിയേ തീരു എന്ന്. ഇന്നലെ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ പടന്ന എടുത്ത് വണ്ടിയില്‍ വച്ചു. വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന വഴി മണ്ണ് മാറ്റാന്‍ തുടങ്ങുകയായിരുന്നു. ഇടയ്ക്കു മഴ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും റൈന്‍ കോട്ടിട്ടു പണി തുടരുകയായിരുന്നു. നേരം വൈകി തുടങ്ങിയതോടെ ഇന്നത്തെ പണി നിര്‍ത്തി. ബാക്കി ഭാഗം ചെറിയ സ്ലോപ് ആക്കി മാറ്റിയിട്ടുണ്ട്. പണി പൂർത്തിയാക്കണമെന്ന് തന്നെയാണ് ആഗ്രഹം’ കിരണ്‍ കൂട്ടിച്ചേര്‍ത്തു
തന്നെ കൊണ്ടാവും വിധം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളാണ് കിരണ്‍. കൂട്ടുകാരുടെ സഹായത്തോടെ ഒപ്പം പഠിച്ച വിദ്യാര്‍ത്ഥിയുടെ വീടിന്റെ ജപ്തി നടപടി ഒഴിവാക്കാനായി പണം സ്വരൂപിക്കുകയും നിരവധി പേരുടെ ആരോഗ്യപരമായ ആവശ്യങ്ങളില്‍ സാമ്പത്തിക സഹായം ചെയ്യുകയും ചെയ്യാറുണ്ട്. ഫീഡിങ് കാലിക്കറ്റ് എന്ന പദ്ധതിയിലും സജീവ അംഗമായിരുന്നു. പതിനഞ്ചു വര്‍ഷമായി പി.ഡബ്ലു.ഡിയില്‍ ജോലി ചെയ്യുകയാണ്. മൂന്ന് വര്ഷങ്ങള്ക്കു മുന്‍പാണ് കൊയിലാണ്ടിയിലേക്കു സ്ഥലം മാറ്റം കിട്ടിയത്. തന്നാലാവും വിധം മറ്റുള്ളവരെ സഹായിക്കുക എന്ന ആഗ്രഹത്തോടെ കിരണ്‍ തന്റെ ജീവിത യാത്രയില്‍ മുന്നോട്ടു നീങ്ങുകയാണ്, വഴിയില്‍ വരുന്ന പ്രതിബന്ധങ്ങളെയെല്ലാം തുടച്ചു മാറ്റിക്കൊണ്ട്…
വീഡിയോ കാണാം: