‘വ്യാജ ചിത്രം ഉപയോഗിച്ച് യുഡിഎഫ് സൈബര്‍ സംഘം അപവാദം പ്രചാരണം നടത്തുന്നു’; ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്കി പി.ജയരാജന്
തലശ്ശേരി: വ്യാജ ചിത്രം ഉപയോഗിച്ച് യുഡിഎഫ് സൈബര്‍ സംഘം അപവാദം പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഖാദി ബോര്‍ഡ് വൈസ്ചെയര്‍മാനും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജന് ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്കി.
2017 സെപ്തംബര്‍ 7ന് പത്തനംതിട്ട പെരുനാട് പൊതുപരിപാടിയില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ഫോട്ടോയിലുണ്ടായിരുന്ന സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി റോബിന് .കെ തൊമസിന്റെ ഫോട്ടോ വെട്ടിമാറ്റി പാലത്തായി പീഡനകേസ് പ്രതിയായ ബിജെപി നേതാവിന്റെ ചിത്രം ചേര്‍ത്ത് പ്രചാരണം നടത്തുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജ ടീച്ചറെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തന്നെയും വ്യക്തിപരമായി അധിക്ഷേപിക്കാനും വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുമാണ് മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിത്. കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വ്യാജ ചിത്രവും ഒറിജിനല്‍ ഫോട്ടോയുമടക്കം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.