ചെലവ് കൂടുമെന്ന പേടികൊണ്ട് ക്രിസ്തുമസ് വെക്കേഷന് യാത്രപോകാതിരിക്കേണ്ട; കുറഞ്ഞ ചെലവില്‍ ഒരു ദ്വീപ് യാത്രയായാലോ?



ക്രി
സ്തുമസ് വെക്കേഷന്‍ തുടങ്ങി. ഇത്തവണ യാത്ര അല്പം ദൂരേയ്ക്കായാലോ. ദൂരെയെന്നു പറഞ്ഞാല്‍ ഒരുപാടൊന്നും പോകേണ്ട, കൊയിലാണ്ടിയില്‍ നിന്നും കുറഞ്ഞ ചെലവില്‍ പോകാം, ഈ മനോഹരമായ ദ്വീപിലേക്ക്.

കൊയിലാണ്ടിയില്‍ നിന്നോ വടകരയില്‍ നിന്നോ ഉടുപ്പിയിലേക്കുള്ള ട്രെയിന്‍ പിടിക്കൂ. അഞ്ഞാറ് മണിക്കൂര്‍ യാത്രയേ ഉള്ളൂ. ഉടുപ്പിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള മാല്‍പെയെന്ന മത്സ്യബന്ധന തുറമുഖത്തില്‍ നിന്നാണ് ഈ ദ്വീപിലേക്ക് യാത്ര ചെയ്യേണ്ടത്. ഉടുപ്പിയില്‍ നിന്നും ബസില്‍ യാത്ര ചെയ്യാം. പുലര്‍ച്ചെ ഉടുപ്പിയില്‍ എത്തുന്ന തരത്തില്‍ രാത്രിയിലെ ട്രെയിന്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

മാല്‍പെയില്‍ ബസിറങ്ങി ബീച്ചിലേക്ക് ഓട്ടോ പിടിച്ചോ കാല്‍നടയായോ പോകാം. ദ്വീപിലേക്കുള്ള ടിക്കറ്റ് ബീച്ചില്‍ കിട്ടും. രാവിലെ 9.30 കേറിയാല്‍ 4 മണി വരെ ദ്വീപില്‍ കറങ്ങാം, ആരെയും തങ്ങാന്‍ അനുവദിക്കില്ല.

സെന്റ് മേരിസ് ഐലന്റ്-ദ്വീപിനെ സുന്ദരമാക്കുന്നത് മാഗ്മ ഉപരിതലത്തിലെ അന്തരീക്ഷവുമായി പ്രവര്‍ത്തിച്ച ബസാല്‍ട്ടുകളാണ്(പാറകെട്ടുകള്‍). പണ്ടത്തെ മഡഗാസ്‌കിന്റ ഭാഗമാണ് ഈ പ്രദേശം. ഏകദേശം 88 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് മഡഗാസ്‌കര്‍ ഇന്ത്യന്‍ ഭൂപ്രദേശത്തില്‍ നിന്ന് വേര്‍പ്പെട്ടു പോയതെന്ന് കരുതുന്നു. ഇന്ത്യയിലെ ജിയോളിക്കല്‍ മൊനുമെന്റികളിലൊന്നായി 2001-ല്‍ ജിയോളിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഈ ദ്വീപിനെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടുത്തെ കടല്‍ത്തീരവും വൃത്തിയുള്ളതും അതിമനോഹരവുമാണ്. തീരത്ത് താമസിക്കാന്‍ റിസോര്‍ട്ട് സൗകര്യവുമുണ്ട്. കടലില്‍ കുളിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കുളിക്കാം. വസ്ത്രം മാറാനും ശരീരം വൃത്തിയാക്കാനും ബാത്ത്‌റൂം സൗകര്യവും തീരത്തുണ്ട്.