സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ല; കുറ്റ്യാടിയിലെ പൊലീസുകാരന് സുധീഷിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
കുറ്റ്യാടി: കുറ്റ്യാടിയിലെ സിനീയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുധീഷിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിച്ച സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും കുടുംബം പറയുന്നു.
തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവില്‍ പാര്‍ക്കിങ് ഏരിയയില്‍ സുധീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ തടഞ്ഞത്. രാത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.
സ്വകാര്യ ചിട്ടി കമ്പനി തട്ടിപ്പ് കേസില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നയാളാണ് സുധീഷ്. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ കേസ് ഫയല്‍ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദത്തിലായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.