നക്ഷത്ര ചിഹ്നമുള്ള(*) അഞ്ഞൂറ് രൂപ നോട്ട് വ്യാജനോ? സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത് ? വസ്തുതയറിയാം
സത്യമാണോയെന്ന് പരിശോധിക്കാതെയാണ് പലപ്പോഴും നമ്മള്‍ സോഷ്യല്‍മീഡിയകളില്‍ വാര്‍ത്തകളും, കുറിപ്പുകളും ഷെയര്‍ ചെയ്യാറുള്ളത്. ഇങ്ങനെ വൈറലായ പല വാര്‍ത്തകളും, കുറിപ്പുകളും അവസാനം കള്ളമാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്.
അത്തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നക്ഷത്ര ചിഹ്നമുള്ള(*) അഞ്ഞൂറ് രൂപ നോട്ടുകള്‍ വ്യാജമാണ് എന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ പുറത്ത് വന്നിരുന്നു. ഈ നോട്ടുകള്‍ വ്യാജനാണെന്നും, ബാങ്കിലും കടകളലിലും സ്വീകരിക്കാതെ ഇവ തിരികെ നല്‍കിയെന്നുമാണ് നിരന്തരം വന്ന പോസ്റ്റുകള്‍. ഒടുവിലിതാ നക്ഷത്ര ചിഹ്നമുള്ള (*) അഞ്ഞൂറ് രൂപ നോട്ടുകളുടെ കാര്യത്തില്‍ സത്യം പുറത്ത് വന്നിരിക്കുകയാണ്.
മാഹാത്മ ഗാന്ധി സീരിസിലുള്ള ചില അഞ്ഞൂറ് രൂപ നോട്ടുകളുടെ നമ്പര്‍ പാനലില്‍ നക്ഷത്ര ചിഹ്നം(*) ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് 2016ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായാണ് നക്ഷത്ര ചിഹ്നമുള്ള അഞ്ഞൂറ് രൂപ നോട്ടുകള്‍ പുറത്തിറക്കുന്നത് എന്നാണ് കുറിപ്പില്‍ പറയുന്നത്. മാത്രമല്ല, നക്ഷത്ര ചിഹ്നമുള്ള 10,20,50,100 നോട്ടുകള്‍ മുന്‍പ് തന്നെ നിലവിലുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
നക്ഷത്ര ചിഹ്നവുമായി ബന്ധപ്പെട്ട് ആര്‍ബിഐ 2016ല്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പിന്റെ ലിങ്ക്
https://www.rbi.org.in/commonman/English/scripts/PressReleases.aspx?Id=2015
അച്ചടിപ്പിഴവുകളുണ്ടാകുന്ന നോട്ടുകള്‍ക്ക് പകരം അതേ സീരിയല്‍ നമ്പറിലുള്ള പുതിയ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതായിരുന്നു പതിവ്. എന്നാല്‍ ഇത് വളരെ ചെലവേറിയ രീതിയാണ്. അതിനാല്‍, പിഴവ് വന്ന നോട്ടുകളുടെ നമ്പര്‍ പാനലില്‍ നക്ഷത്ര ചിഹ്നം(*) രേഖപ്പെടുത്തി പുനരുപയോഗിക്കാന്‍ ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു.
2006ലാണ് ഇത്തരത്തില്‍ നക്ഷത്ര ചിഹ്നം ഉപയോഗിക്കുന്ന രീതി നിലവില്‍ വരുന്നത്. നക്ഷത്ര ചിഹ്നമുള്ള(*) ബാങ്ക് നോട്ടുകള്‍ മറ്റ് ബാങ്ക് നോട്ടുകള്‍ക്ക് സമാനമാണ്, എന്നാല്‍ നോട്ടിന് താഴെയുള്ള അക്കങ്ങളുടെ പാനലില്‍ ഒരു നക്ഷത്ര ചിഹ്നം അധികമായി നല്‍കിയിട്ടുള്ളത് മാത്രമാണ് വ്യത്യാസം.
2006ല്‍ ആര്‍ബിഐ പുറത്തിറക്കിയ പ്രസ് റിലീസ്
വാസ്തവം
നക്ഷത്ര ചിഹ്നമുള്ള(*) നോട്ടുകള്‍ കള്ളനോട്ടുകളാണെന്ന പ്രചാരണം വ്യാജമാണ്. ആര്‍ബിഐ തന്നെയാണ് ഇത്തരം നോട്ടുകള്‍ പുറത്തിറക്കിയത്. അച്ചടിപ്പിഴവുകളുണ്ടാകുന്ന നോട്ടുകള്‍ പുനരുപയോഗിക്കാനായിട്ടാണ് പിഴവ് വന്ന നോട്ടുകളുടെ നമ്പര്‍ പാനലില്‍ നക്ഷത്ര ചിഹ്നം രേഖപ്പെടുത്തിയത്.