‘വാഗ്ദാനലംഘനം ആര്‍ക്കും ഭൂഷണമല്ല, മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക’; ആവശ്യമുയര്‍ത്തി ബാലുശ്ശേരിയില്‍ നടന്ന കെ.എസ്.എസ്.പി.യു വാര്‍ഷിക സമ്മേളനം


ബാലുശ്ശേരി: കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ മുപ്പത്തി ഒന്നാം വാര്‍ഷിക സമ്മേളനം ബാലുശ്ശേരിയില്‍ നടന്നു. ബാലുശ്ശേരി കെ.പത്മനാഭന്‍ ഏറാടി നഗറില്‍ സംസ്ഥാന ട്രഷറര്‍ കെ.സദാശിവന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.പി.അസൈന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.പി ഗോപിനാഥന്‍ പ്രവര്‍ത്തക റിപ്പോര്‍ട്ടും, ട്രഷറര്‍ വി.കെ കൃഷ്ണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെന്‍ഷന്‍ സമൂഹത്തിന്റെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സംഘടന പ്രതിജ്ഞാ ബദ്ധമാണെന്നും വാഗ്ദാന ലംഘനം ആര്‍ക്കും ഭൂഷണമല്ലെന്നും സദാശിവന്‍ നായര്‍ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

രാവിലെ 9:45ന് ബാലുശ്ശേരി വൈകുണ്ഠത്തില്‍ നിന്നും പ്രകടനമായി പുറപ്പെട്ട പ്രതിനിധികള്‍ ഗ്രീന്‍ അറീന ഓഡിറ്റോറിയത്തില്‍ സമ്മേളിച്ചു. വിവിധ കാര്യ പരിപാടികളുടെ വൈകിട്ട് നാല് മണിക്ക് സമ്മേളനം അവസാനിച്ചു. ജില്ലാ ജോ. സെക്രട്ടറി അശോകന്‍ മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.കെ.ദാമു മാസ്റ്റര്‍ മാസിക അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട്, മെമ്പര്‍ ഹരീഷ് നന്ദനം, പി.പി.പ്രേമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി.ഗിരിജ, എ.വേലായുധന്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, ചന്ദ്രന്‍ മാസ്റ്റര്‍, രക്ഷാധികാരി.പി.സൗദാമിനി, ജില്ലാ ജോ.സെക്രട്ടറി ഇ.കെ.കമലാ ദേവി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

പുതുവര്‍ഷത്തെ ഭാരവാഹികളായി കെ. വി ജോസഫ് (പ്രസിഡണ്ട്), കെ.പി.ഗോപിനാഥന്‍ (സെക്രട്ടറി) എന്‍.കെ ബാലകൃഷ്ണമാസ്റ്റര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.വിശ്വനാഥന്‍ വരണാധികാരിയായി.