പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ സമരവുമായി എസ്.എഫ്.ഐ; അന്വേഷണ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രിന്‍സിപ്പല്‍


Advertisement

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജില്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി സമരവുമായി എസ്.എഫ്.ഐ. വിദ്യാര്‍ഥികളെ തിരിച്ചെടുക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഭിനവ് നടേരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

അധികാരികളുടെയും കോളേജ് കൗണ്‍സിലിന്റെയും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കോളജില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. . ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സമരം ആരംഭിച്ചത്.

Advertisement

അതേസമയം, വിദ്യാര്‍ഥികളെ തിരിച്ചെടുക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇതിനുശേഷം മാത്രമേ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണോ പുറത്താക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നുമാണ് കോളജ് പ്രിന്‍സിപ്പല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

അകാരണമായാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് എസ്.എഫ്.ഐ പറയുന്നത്. മോഡല്‍ പരീക്ഷ തടസപ്പെടുത്തിയെന്നും അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അടക്കമുള്ള എട്ട് വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തത്.

Advertisement

നിരവധി തവണ ഇന്റെര്‍ണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനായി എക്‌സാം നടത്തുകയും ഇന്റെര്‍ണല്‍ മാര്‍ക്ക്ലിസ്റ്റ് ഉള്‍പ്പടെ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ മാര്‍ക്കുകള്‍ ഒന്നും തന്നെ ഇന്റെര്‍ണല്‍ മാര്‍ക്ക് ആയി പരിഗണിക്കില്ലെന്നും നിലവില്‍ പാഠഭാഗം പോലും തീരാതെ മോഡല്‍ എക്‌സാം നടത്താന്‍ അധീകൃതര്‍ തീരുമാനിക്കുകയായിരുന്നെന്നും എസ്.എഫ്.ഐ ആരോപിച്ചു.

വിദ്യാര്‍ത്ഥികളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന കോളേജ് അധ്യാപകരുടെയും കൗണ്‍സിലിന്റെയും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിര പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, യൂണിയന്‍ അംഗങ്ങള്‍ അടക്കം എട്ട് വിദ്യാര്‍ത്ഥികളെ ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയാണ് ചെയ്തതെന്ന് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയില്‍ ആരോപിക്കുന്നു.

കൂടാതെ പരീക്ഷ പേപ്പര്‍ തട്ടിയെടുത്തു തുടങ്ങിയ പച്ചക്കള്ളങ്ങള്‍ പറഞ്ഞാണ് സസ്പെന്‍ഷന്‍ നല്‍കിയിട്ടുള്ളത്. മുന്‍പും ഇതേ പോലുള്ള വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളും വിദ്യാര്‍ത്ഥി ചൂഷണവും അധികാരികളില്‍ നിന്നും കോളേജ് കൗണ്‍സിലില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നും എസ്.എഫ്.ഐ പറയുന്നു.

Advertisement

എസ്.പി.എസ് ട്രെയിനിങ് കമ്പനിയുടെ ട്രെയിനിങ് പ്രോഗ്രാം കോളേജില്‍ സംഘടിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ മറവില്‍ 750 രൂപ ഫീസ് വരുന്ന കോച്ചിങ്ങിന് 1000 രൂപ വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുകയും 250 വിദ്യാര്‍ത്ഥികളെ ടാര്‍ഗറ്റ് ചെയ്ത് അഴിമതി നടത്താനുള്ള പ്രിന്‍സിപ്പലിന്റെ ശ്രമവും എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റി ഇടപെട്ട് മുന്‍പ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യ ബുദ്ധിയോടുള്ള അധ്യാപകരുടെ ഇടപെടലാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു.

Summary: SNDP College Koyilandy- SFI demands reinstatement of suspended students