‘മുഖാമുഖം സംസാരിക്കുന്നത്ര സ്വകാര്യത’; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്; സ്വകാര്യതയ്ക്ക് ഊന്നൽ നൽകുന്ന പുതിയ ഫീച്ചറുകൾ വിശദമായി അറിയാം
ലോകത്തെ ഏറ്റവും വലിയ ചാറ്റിങ് പ്ലാറ്റ്ഫോം ആണ് വാട്ട്സ്ആപ്പ്. ഫേസ്ബുക്കിന്റെ ഉടമയായ മെറ്റ പ്ലാറ്റ്ഫോംസിന്റെ കീഴിലുള്ള വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത് ലോകമാകെയുള്ള കോടിക്കണക്കിന് ജനങ്ങളാണ്. തങ്ങളുടെ ജനപ്രിയത വര്‍ധിപ്പിക്കാനായി പുതിയ പുതിയ ഫീച്ചറുകള്‍ മെറ്റ നിരന്തരമായി വാട്ട്സ്ആപ്പില്‍ കൂട്ടിച്ചേര്‍ക്കുകയാണ്.
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്കുന്ന തരത്തിലുള്ള ഫീച്ചറുകളാണ് ഇപ്പോള്‍ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഉടമയായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് പുതിയ ഫീച്ചറുകളെ കുറിച്ച് ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നത്.
അംഗമായിരിക്കുന്ന ഗ്രൂപ്പില്‍ നിന്ന് മറ്റ് അംഗങ്ങള്‍ ആരും അറിയാതെ പുറത്ത് പോകാന്‍ കഴിയുന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. നിലവില്‍ ഗ്രൂപ്പില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ അത് എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും കാണാന്‍ കഴിയും. എന്നാല്‍ പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഗ്രൂപ്പുകളില്‍ നിന്ന് രഹസ്യമായി പുറത്ത് കടക്കാം. അതേസമയം ഗ്രൂപ്പ് അഡ്മിന്‍സിന് ഇത് അറിയാന്‍ കഴിയും. ഈ മാസം തന്നെ പുതിയ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്തും.
നിങ്ങള്‍ ഓണ്‍ലൈനിലായിരിക്കുമ്പോള്‍ ആര്‍ക്കൊക്കെ അത് കാണാനാകുമെന്നും കാണാന്‍ കഴിയില്ലെന്നും ഇനി നമുക്ക് തീരുമാനിക്കാം. വളരെ സ്വകാര്യമായി ഒരു സന്ദേശം നിങ്ങള്‍ക്ക് പരിശോധിക്കണമെങ്കില്‍ ഇത് ഉപകാരപ്രദമാകുമെന്ന് വാട്സ്ആപ്പ് അവകാശപ്പെടുന്നു. ഈ മാസം അവസാനത്തോടെ ഈ ഫീച്ചര്‍ ലഭ്യമാവും.
ഒരു തവണ മാത്രം കാണാന്‍ കഴിയുന്ന സന്ദേശങ്ങള്‍ എന്ന സവിശേഷത അടുത്തിടെയാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയുന്നത് മൂലം അത്തരം സന്ദേശങ്ങളുടെ മൂല്യം ഇല്ലാതാവുകയാണ്. അതിനാല്‍ ഇത്തരം സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനുള്ള സവിശേഷത അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പ്. എന്ന് മുതല്‍ ഇത് ലഭ്യമാകുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
നേരത്തേ ലോഗിന്‍ അപ്രൂവല്‍ എന്ന സുരക്ഷാ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പ് എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളവരില്‍ നിന്നും ഉപയോക്താക്കളുടെ അക്കൗണ്ട് രക്ഷിക്കുകയാണ് വാട്ട്സ്ആപ്പിന്റെ ലക്ഷ്യം. ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഒരു ഉപയോക്താവ് മറ്റൊരു സ്മാര്‍ട്ട്ഫോണില്‍ നിന്ന് ഏതെങ്കിലും അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് വാട്ട്സാപ്പിനുള്ളില്‍ നിന്ന് അലര്‍ട്ടുകള്‍ ലഭിക്കും. ലോഗിന്‍ അപ്രൂവല്‍ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇന്‍-ആപ്പ് അലര്‍ട്ട് നല്കുമ്പോള് തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും.
ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..
Summery: WhatsApp announces new privacy features, including leaving groups silently.