ഇത്തവണയും ഹാപ്പി ഓണം! തുണിസഞ്ചി ഉൾപ്പെടെ പതിന്നാല് ഇനം സാധനങ്ങളുമായി സൗജന്യ ഓണക്കിറ്റ് വീടുകളിലെത്തും, പ്രഖ്യാപിച്ച് മുഖ്യമന്ത്രി


 

തിരുവനന്തപുരം: ഇത്തവണയും ഓണസമ്മാനമായി മലയാളികളുടെ വീടുകളില്‍ സൗജന്യ ഭക്ഷ്യകിറ്റ് എത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പതിനാല് ഇനം സാധനങ്ങളാണ് ഇത്തവണ ഓണത്തിന് ലഭിക്കുന്ന ഭക്ഷ്യകിറ്റില്‍ ഉണ്ടാവുക.

‘സംസ്ഥാനത്ത് കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യകിറ്റ് പ്രയോജനം ചെയ്തു. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് കിറ്റ് വിതരണം അവസാനിപ്പിച്ചത്. ഇതിന് ശേഷം കഴിഞ്ഞ ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.’ -മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തികമായി മെച്ചപ്പെട്ട സംസ്ഥാനമല്ല നമ്മുടെത്. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ഈ വര്‍ഷവും ഓണത്തിന് കിറ്റ് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഇത്തവണത്തെ കിറ്റില്‍ ഉണ്ടാവുക. കിറ്റ് വിതരണം ചെയ്യാനായി 425 കോടി രൂപയുടെ ചെലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തേത് ഉള്‍പ്പെടെ 13 തവണ കിറ്റ് വിതരണം നടത്തി. ആ വകയിലുള്ള ആകെ ചെലവ് 5500 കോടി രൂപയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.