വീട്ടുമുറ്റ ശുചിത്വ സദസ്സുകൾ മുതല്‍ കുട്ടികളുടെ ഹരിതസഭ വരെ; അടിമുടി മാറാനൊരുങ്ങി കൊയിലാണ്ടി, മാലിന്യമുക്ത നഗരസഭയ്ക്കായി 180 ദിവസത്തെ കര്‍മപരിപാടികള്‍


കൊയിലാണ്ടി: മാലിന്യമുക്തം നവകേരളത്തിനായി ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങാന്‍ ഒരുങ്ങി കൊയിലാണ്ടി നഗരസഭ. സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന് 180 ദിവസത്തെ കർമ്മ പരിപാടിയാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്. വീട്ടുമുറ്റ ശുചിത്വ സദസ്സുകൾ, ശുചിത്വ പദയാത്രകൾ, വീടു കയറിയുള്ള ക്യാമ്പയിനുകൾ, പൊതു ഇടങ്ങളിലെ ശുചീകരണം, സ്ഥാപന ശുചീകരണം, ശുചിത്വബോധവൽക്കരണം പ്രവർത്തനങ്ങൾ, ബഹുജന ശുചിത്വ സദസ്സുകൾ, വിദ്യാലയങ്ങളിൽ ശുചിത്വ പഠനോത്സവം, നഗരസഭാതല കുട്ടികളുടെ ഹരിതസഭ, നഗരസഭയിലെ മുഴുവൻ വീടുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ശുചിത്വ ഭവനം പദ്ധതി തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് വരും ദിവസങ്ങളില്‍ നടപ്പിലാക്കുക.

കൃത്യമായ അജൈവ-ജൈവമാലിന്യ സംസ്കരണ സംവിധാന ഒരുക്കുക, ഹരിത കർമ്മസേനയെ ശക്തിപ്പെടുത്തുക, ശുചിത്വ സുന്ദരമായ ടൗണുകൾ പാതയോരങ്ങൾ, മാലിന്യമുക്തമായ ജലസ്രോതസ്സുകൾ, ഹരിത അയൽകൂട്ടങ്ങൾ, ഹരിത റസിഡൻസുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത അങ്കണവാടികൾ, ഹരിത ഓഫീസുകൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് പരിപാടിയിൽ ലക്ഷ്യമിടുന്നത്. മാലിന്യ പരിപാലനത്തിന് വിരുദ്ധമായി പ്രവൃത്തിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. നഗരസഭ തല സംഘാടക സമിതി കൃത്യമായ ഇടവേളകളിൽ ചേർന്ന് കർമ്മപരിപാടിയുടെ പുരോഗതി അവലോകനം ചെയ്യും.

മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട ക്യാമ്പയിൻ ജനകീയമായി നടത്തുന്നതിന്റെ ഭാഗമായി ചേര്‍ന്ന ജനകീയ സംഘാടക സമിതിയിലാണ് തീരുമാനം. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30 സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ മാലിന്യ പരിപാലനത്തിൽ സുസ്ഥിരത കൈവരിക്കാനും സമ്പൂർണ്ണമാക്കാനുമാണ് നഗരസഭ ലക്ഷ്യമിടുന്നത്.

ഇ.എം.എസ് ടൗൺ ഹാളിൽ ഇന്ന് വൈകുന്നേരം 3മണിക്ക്‌ ചേര്‍ന്ന സംഘാടക സമിതി യോഗം നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്‌ ചെയർമാൻ അഡ്വ.കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.ടി പ്രസാദ് ക്യാമ്പയിൻ അവതരണം നടത്തി. എ സുധാകരൻ (ജില്ലാ ആസൂത്രണ സമിതി മെമ്പർ) നഗരസഭ തല പദ്ധതി അവതരിപ്പിച്ചു സംസാരിച്ചു. ജുലൈ, ആഗസ്റ്റ് മാസങ്ങളിൽ വാർഡുകളിൽ മികച്ച പ്രവർത്തനം നടത്തിയ ഹരിത കർമ്മസേനാംഗങ്ങളെ ചടങ്ങില്‍ ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഗൗതമൻ കെ.എ.എസ് ആദരിച്ചു.

ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ സി.പ്രജില യോഗത്തിൽ സ്വാഗതം പറഞ്ഞു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.ഇ ഇന്ദിര, ഇ.കെ അജിത്ത്, നിജില പറവക്കൊടി. കൗൺസിലർമാരായ പി.രക്നവല്ലി, വി.പി ഇബ്രാഹിം കുട്ടി, കെ.കെ വൈശാഖ് എന്നിവർ സംസാരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ സതീഷ് കുമാർ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി.

നഗരസഭ സെക്രട്ടറി ഇന്ദു എസ്. ശങ്കരി കെ.എ.എസ് നന്ദി പറഞ്ഞു. കൗൺസിലർമാർ, ഹരിത കേരള മിഷൻ ആർ.പി, ശുചിത്വ മിഷൻ, കെ എസ് ഡബ്ല്യു എം.പി എഞ്ചിനിയർ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, യുവജന -വിദ്യാർത്ഥി -മഹിളാ സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, അംഗൻവാടി ടീച്ചർമാർ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ഘടക സ്ഥാപന ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന ഭാരവാഹികൾ, ആശാവർക്കർമാർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Description: 180 days action programs for waste free municipality