വൈത്തിരിയിലെ ബലാത്സംഗക്കേസ്; മുഖ്യപ്രതി പേരാമ്പ്ര സ്വദേശി മുജീബ് റഹ്‌മാനുള്‍പ്പെടുന്ന സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്, പിടിയിലായവരില്‍ ചിലര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളതായും വിവരം



പേരാമ്പ്ര: ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായവരില്‍ ചിലര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമെന്ന് പോലീസ്. സംഭവത്തില്‍ പേരാമ്പ്ര സ്വദേശി കാപ്പുമ്മല്‍വീട് മുജീബ് റഹ്‌മാന്‍ (റിയാസ് 32), വടകര വില്യാപ്പിള്ളി ഉറൂളി വീട്ടില്‍ ഷാജഹാന്‍ (42), തമിഴ്‌നാട് തിരുപ്പൂര്‍ ചാമുണ്ഡിപുരം മാരിയമ്മന്‍കോവില്‍ ശരണ്യ (33), തിരുവനന്തപുരം പാറശാല ചെറുവള്ളി വിളാകം ഭദ്ര (മഞ്ജു-38), ലക്കിടി തളിപ്പുഴ പറമ്പില്‍വീട് മാമ്പറ്റ അനസ് (27), താഴെ അരപ്പറ്റ പൂങ്ങാടന്‍ ഷാനവാസ് (28) എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ മുഖ്യആസൂത്രകന്‍ മുജീബ് റഹ്‌മാന്റെ പേരില്‍ അനാശാസ്യത്തിന് നേരത്തേ കേസുണ്ടായിരുന്നെന്നും ഇയാള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.

ലാബ് ടെക്‌നീഷ്യന്‍ ജോലി വാഗ്ദാനംചെയ്താണ് തമിഴ് യുവതിയെ കേരളത്തിലെത്തിച്ചത്. ശരണ്യയാണ് യുവതിയെ മുജീബിന് പരിചയപ്പെടുത്തി കേരളത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

പ്രതികളില്‍ ഒരാളായ ഷാജഹാന്‍ ഡോക്ടറാണന്നാണ് യുവതിയോട് പറഞ്ഞത്. കഴിഞ്ഞ അഞ്ചിന് വൈത്തിരി, ലക്കിടി എന്നിവിടങ്ങളില്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. മേപ്പാടി സ്വദേശി ഷാനവാസും അനസും മേല്‍നോട്ടം വഹിക്കുന്ന റിസോര്‍ട്ടുകളില്‍ എത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലാവാനുണ്ട്. കല്പറ്റ ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല.

summary: the police intensified the investigation in the case of rape of a Tamil women at vythiri resort after offering her a job