നോട്ട് ബുക്ക് നൽകാമെന്ന് പറഞ്ഞ് കടകളില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിച്ച് അഡ്വാൻസ് തുക വാങ്ങി മുങ്ങി: പേരാമ്പ്രയില്‍ വിതരണക്കാരന്‍ എന്ന വ്യാജേന തട്ടിപ്പ്
പേരാമ്പ്ര: വ്യാപാര സ്ഥാപനങ്ങളില്‍ എത്തി വിതരണക്കാരനാണെന്ന വ്യാജേന പണം തട്ടിയാള്‍ക്കെതിരെ പരാതി. നോട്ട്ബുക്കുകൾ നൽകാമെന്ന് പറഞ്ഞ് അഡ്വാൻസ് പണം വാങ്ങിയാണ് ഇയാൾ പേരാമ്പ്ര ടാക്‌സി സ്റ്റാന്‍ഡിന് മുന്‍വശത്തെ ജുവല്‍ ഫാന്‍സി കടക്കാരനെ വഞ്ചിച്ചത്. പേരാമ്പ്രയിലെ മറ്റൊരു കടക്കാരനും സമാനമായ രീതിയിൽ പറ്റിക്കപ്പെട്ടിട്ടുണ്ട്.
പേരാമ്പ്ര ടാക്‌സി സ്റ്റാന്‍ഡിന് മുന്‍വശത്തെ ജുവല്‍ ഫാന്‍സിയിലെത്തിയ 55 വയസ്സിന് മുകളില്‍ പ്രായം തോന്നിക്കുന്ന ആളാണ് ഇവിടെ വന്ന് നോട്ടു ബുക്കുകള്‍ നല്‍കാമെന്ന് പറഞ്ഞ് പണവുമായി മുങ്ങിയത്. ഇന്നലെ രാവിലെ 11 മണിക്ക് ശേഷമാണ് സംഭവം.
ക്ലാസ്‌മേറ്റ്‌സ് നോട്ടു ബുക്കിന്റെ വിതരണക്കാരനാണെന്നും ബാബു എന്നയാള്‍ പറഞ്ഞിട്ടാണ് വന്നതെന്നും ഇയാള്‍ കടയിലുണ്ടായിരുന്നവരോട് പറഞ്ഞു. തുടര്‍ന്ന് കടയുടമ നോട്ട് ബുക്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും 500 രൂപ അഡ്വാന്‍സ് നല്‍കുകയുമായിരുന്നു. വാഹനത്തിൽനിന്ന് നോട്ടുബുക്കുകൾ എടുത്തുവരാമെന്നു പറഞ്ഞ് ഇയാൾ കടയിൽ നിന്നിറങ്ങി. കുറെ സമയം കഴിഞ്ഞിട്ടും ആളെ കാണാതായതോടെ കടയുടമ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇതേ രീതിയില്‍ തട്ടിപ്പ് നടത്തുന്നയാളാണെന്ന് തിരിച്ചറിഞ്ഞു.
തട്ടിപ്പിനിരയായ സ്ഥാപനത്തിന് സമീപമുള്ള മറ്റൊരു ബുക്ക്സ്റ്റാളിലും ഇതേ വിതരണക്കാരനായി ഇയാള്‍ നേരത്തെ എത്തിയിരുന്നു. എന്നാൽ ഓർഡർ നൽകാത്തതിനാൽ വഞ്ചിക്കപ്പെട്ടില്ല. പൈതോത്ത് റോഡിലുള്ള ഒരു ഷോപ്പിൽ മിഠായിക്ക് ഓർഡർ എടുത്ത് അഡ്വാൻസായി 500 രൂപയും വാങ്ങിപ്പോയിരുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരേ വ്യാപാരികൾ ജാഗ്രതപാലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കൾ അറിയിച്ചു.