കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി-സോണ്‍ കലോത്സവം: ഒപ്പന, കോല്‍ക്കളി മത്സരങ്ങളില്‍ മൂടാടി മലബാര്‍ കോളേജിന് മിന്നുന്ന വിജയം


മൂടാടി: കോഴിക്കോട് ഗവ:ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി-സോണ്‍ കലോത്സവത്തില്‍ ഒപ്പന, കോല്‍ക്കളി മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മൂടാടി മലബാര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്. ഇമ്പമുള്ള ഇശലുകളുടെ അകമ്പടിയോടെ ചേലോടെ ചുവട് വെച്ച് തിങ്ങി നിറഞ്ഞ സദസ്സിന്റെ മനം കവര്‍ന്ന ഒപ്പനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മലബാര്‍ കോളേജ് കോലടക്കത്തോടെ മികച്ച പ്രകടനം നടത്തി കോല്‍ക്കളി മത്സരത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.

കലോത്സവ വേദിയിലെ ഏറ്റവും ജനപ്രിയ കലകളായ ഒപ്പനയും കോല്‍ക്കളിയും തിങ്ങി നിറഞ്ഞ സദസ്സിന് മുന്നിലാണ് അരങ്ങേറിയത്. മാപ്പിള തനിമയോടെ അവതരിപ്പിച്ച മലബാര്‍ കോളജിന്റെ ഒപ്പന, കോല്‍ക്കളി ടീമുകള്‍ ഇനി ഇന്റര്‍സോണില്‍ മാറ്റുരയ്ക്കും.

വര്‍ഷങ്ങളായി നിരവധി ടീമുകളെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും യൂണിവേഴ്‌സിറ്റി കലോത്സവത്തിലും വിജയത്തില്‍ ഏറ്റിയ പ്രശസ്ത പരിശീലകനായ മുനീര്‍ തലശ്ശേരിയാണ് ഒപ്പന ടീമിനെ പരിശീലിപ്പിച്ചത്. പരിചയ സമ്പന്നരായ അബ്ദുല്‍ ജലീല്‍ കൊയിലാണ്ടി, മുഹമ്മദ് ഫാസില്‍, ഫാരിസ് എന്നിവരാണ് കോല്‍ക്കളി ടീമിന്റെ വിജയശില്‍പികള്‍.