നൂറു മീറ്ററോളം കാൽനടയായി തിരമാലകൾക്ക് മുകളിലൂടെ നടക്കാം, കടൽ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് വിളിക്കുന്നു; കണ്ണൂർ ജില്ലയിലെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സന്ദർശകർക്കായി ഒരുങ്ങി


കണ്ണൂർ: കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിൽ അതീവപ്രാധാന്യമുളള മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ മറ്റൊരു വിസ്മയം കൂടിവരുന്നു. കടലിലേക്കുണ്ടാക്കിയ കണ്ണൂർ ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി.

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് സഞ്ചാരികൾക്കായി ഒരുങ്ങി കഴിഞ്ഞു. ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ടൂറിസം മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് നിർവഹിക്കും.

സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽമുൻ കൈയ്യെടുത്താണ് ടൂറിസം വകുപ്പിന് കീഴിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജിനു തുടക്കം കുറിക്കുന്നത്.

കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ ഉതകുന്ന രീതിയിൽ പാലം ഒരുക്കിയത് തൂവൽ തീരം അമ്യൂസ് മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്.

ഫൈബർ എച്ച് പി ഡി ഇ നിർമിത പാലത്തിൽ ഇന്റർലോക്ക് കട്ടകൾ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽ പരപ്പിന് മുകളിൽ യാത്ര ചെയ്യാനുതകുന്ന രീതിയിൽ സഞ്ചാരികൾക്കായി ഫ്ളോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത് .

മൂന്നു മീറ്റർ വീതിയിൽ രണ്ടുഭാഗത്തും സ്റ്റീൽ കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിൽ സൈറ്റ് സീയിങ് പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. ഇതിൽനിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം. പാറക്കൂട്ടങ്ങൾ നിറഞ്ഞ കടലിന്റെ ഭംഗി അനിർവചനീയമായ അനുഭൂതി സൃഷ്ടിക്കും. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശനം അനുവദിക്കില്ല. ഒരേ സമയം 100 പേർക്കാണ് പ്രവേശനം.