ട്രെയിനില്‍ തീവെച്ചത് ഭിക്ഷാടകന്‍ തന്നെ, രണ്ടു വര്‍ഷം മുമ്പ് വരെ ജീവിച്ചത് കുപ്പി പെറുക്കി, തീവെച്ചത് ഭിക്ഷ കിട്ടാത്തതിന്റെ മാനസിക സംഘര്‍ഷം മൂലമെന്ന് പോലീസ്


കണ്ണൂര്‍: സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീവെച്ചത് കസ്റ്റഡിയിലുള്ളയാള്‍ തന്നെയെന്ന് പോലീസ്. ബംഗാള്‍ 24 സൗത്ത് പ്രഗ്നാനസസ് സ്വദേശിയായ പ്രസൂണ്‍ജിത്ത് സിക്ദര്‍ ആണ് പോലീസ് കസ്റ്റഡിയിലുള്ളത്. സി.സി.ടി.വി ദൃശ്യങ്ങളിലെയും ബി.പി.സി.എല്‍ ജീവനക്കാരന്റെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രസൂണ്‍ജിത്തിനെ അറസ്റ്റ് ചെയ്ത്. പ്രതിയെ ഉടന്‍ തന്നെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുമെന്ന് ഐജി നീരജ് കുമാര്‍ ഗുപ്ത വ്യക്തമാക്കി.

ഭിഷാടനത്തിന്റെ ഭാഗമായി തലശ്ശേരിയിലെത്തിയ ഇയാള്‍ക്ക് പണമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ പ്രസൂണ്‍ജിത്ത് നടന്ന് കണ്ണൂരിലെത്തിയെന്നും ട്രെയിനിന് തീവെച്ചുമെന്നുമാണ് പോലീസ് പറയുന്നത്. തീവെച്ചത് തീപ്പെട്ടി ഉപയോഗിച്ചാണെന്നും ഡീസലോ പെട്രോളോ ഉപയോഗിച്ചതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

മുമ്പ് കൊല്‍ക്കത്തിയലും മുംബൈയിലും ഡല്‍ഹിയിലും ഇയാള്‍ ജോലി ചെയ്തിരുന്നു. രണ്ടു വര്‍ഷം മുമ്പ് വരെ പ്ലാസ്റ്റിക് ഹോട്ടില്‍ പെറുക്കി വിറ്റായിരുന്നു ഉപജീവനം നടത്തിയിരുന്നത്. പിന്നീടായിരുന്നു ഭിഷാടനത്തിലേക്ക് തിരിഞ്ഞത്. ചോദ്യം ചെയ്യലിനിടെ ഭിഷാടകനാണെന്നും, ഭിഷ എടുക്കാന്‍ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് ട്രെയിനിന് തീവെച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.