ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (25/03/23) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അത്യാധുനിക ഐസൊലേഷന്‍ ബ്ലോക്ക്
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള രോഗബാധിതരെ ഐസോലേഷന്‍ ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിന് ഈ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭാ യോഗം ഭരണാനുമതി നല്‍കിയിരുന്നു. കിഫ്ബി ധനസഹായത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 34.74 കോടി രൂപയുടേയും കോഴിക്കോട് മെഡിക്കല്‍ കോളേജിന് 34.92 കോടി രൂപയുടേയും ഭരണാനുമതിയാണ് നല്‍കിയത്. കോവിഡ് പോലെയുള്ള മഹാമരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന് ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയില്‍ 10 കിടക്കകളുള്ള ആധുനിക ഐസോലേഷന്‍ വാര്‍ഡാണ് സജ്ജമാക്കുന്നത്. സമ്പൂര്‍ണമായി പൂര്‍ത്തീകരിച്ച 10 എണ്ണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി അടുത്തിടെ നിര്‍വഹിച്ചിരുന്നു. ഇതുകൂടാതെയാണ് സംസ്ഥാനത്തെ രണ്ട് പ്രമുഖ മെഡിക്കല്‍ കോളേജുകളില്‍ വിപുലമായ സംവിധാനങ്ങളോടെ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 50 കിടക്കകളുള്ള ഐസൊലേഷന്‍ ബ്ലോക്കാണ് സ്ഥാപിക്കുന്നത്. 3500 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ നാല് നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഒപി വിഭാഗം, വാര്‍ഡുകള്‍, ഐസോലേഷന്‍ യൂണിറ്റുകള്‍, പരിശോധനാ സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. ഗ്രൗണ്ട് ഫ്‌ളോറില്‍ റിസപ്ഷന്‍, സ്വാബ് ടെസ്റ്റ്, ലബോറട്ടറി, വെയിറ്റിംഗ് ഏരിയ, കണ്‍സള്‍ട്ടേഷന്‍ റൂം, എക്‌സ്‌റേ, പ്രൊസീജിയര്‍ റൂം, യുഎസ്ജി റൂം, ഫാര്‍മസി എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ നഴ്‌സിംഗ് സ്റ്റാഫ് റൂം, ഡോക്‌ടേഴ്‌സ് ലോഞ്ച്, സെമിനാര്‍ റൂം, ബൈസ്റ്റാന്‍ഡര്‍ വെയിറ്റിംഗ് ഏരിയ, നഴ്‌സസ് സ്റ്റേഷന്‍, ഐസൊലേഷന്‍ റൂമുകള്‍ എന്നിവയും, രണ്ടും മൂന്നും നിലകളില്‍ ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ വാര്‍ഡ്, പ്രൊസീജിയര്‍ റൂം എന്നിവയുമുണ്ടാകും.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 40 കിടക്കകളുള്ള ഐസൊലേഷന്‍ ബ്ലോക്കാണ് നിര്‍മ്മിക്കുന്നത്. 3600 സ്‌ക്വയര്‍ മീറ്ററില്‍ 3 നില കെട്ടിടമാണത്. ഗ്രൗണ്ട് ഫ്‌ളോറില്‍ റിസപ്ഷന്‍, ബൈസ്റ്റാന്‍ഡര്‍ വെയ്റ്റിംഗ് ഏരിയ, പ്രീ ആന്റ് പോസ്റ്റ് സാംപ്ലിംഗ് ഏരിയ, ഫാര്‍മസി, കണ്‍സള്‍ട്ടേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, പ്രൊസീജിയര്‍ റൂം, സ്‌ക്രീനിംഗ് റൂം എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, ബൈസ്റ്റാന്‍ഡര്‍ വെയ്റ്റിംഗ് ഏരിയ, നഴ്‌സസ് സ്റ്റേഷന്‍, പ്രൊസീജിയര്‍ റൂം, ഡോക്‌ടേഴ്‌സ് ലോഞ്ച് എന്നിവയും രണ്ടാം നിലയില്‍ ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, പ്രൊസീജിയര്‍ റൂം എന്നിവയുമുണ്ടാകും.
ക്വട്ടേഷൻ ക്ഷണിച്ചു 
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിലേക്ക് എ.സി കാർ (ഡ്രൈവർ ഉൾപ്പെടെ) പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 29 ന് ഉച്ചക്ക് മൂന്നു മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം
കോഴിക്കോട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേക്ക് 2023-24 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. യോഗ്യത: ഏഴാം ക്ലാസ് പാസ്സാകണം. 2023 ജൂൺ ഒന്നിന് 16 വയസ്സ് പൂർത്തിയാകാത്തവർ ആയിരിക്കണം. www.polyadmission.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി ഏപ്രിൽ 5 വരെ അപേക്ഷിക്കാം. രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 12ന് നടക്കുന്ന എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04952380119, 9400006490
വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകി
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023 -24 വാർഷിക പദ്ധതി അംഗീകാരത്തിനായി ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. 6 ബ്ലോക്ക് പഞ്ചായത്തുകളുടെയും 28 ഗ്രാമപഞ്ചായത്തുകളുടെയും രണ്ടു മുൻസിപ്പാലിറ്റികളുടെയും വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.
ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ ഷീജ ശശി അധ്യക്ഷത വഹിച്ചു. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ പദ്ധതികളെ സംബന്ധിച്ച്  യോഗത്തിൽ അവതരണം നടത്തി. അവശേഷിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി അംഗീകരിക്കുന്നതിനായി മാർച്ച് ഇരുപത്തിയേഴാം തിയ്യതി ജില്ലാ ആസൂത്രണ സമിതി യോഗം ചേരുന്നതിന് തീരുമാനമായി. ജില്ലാ കലക്ടർ എ.ഗീത സന്നിഹിതയായിരുന്നു.
ജില്ലാ പ്ലാനിങ് ഓഫീസർ ടി.ആർ മായ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ ഭരണസ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കായകല്പ പുരസ്‌കാരം ഏറ്റുവാങ്ങി
സർക്കാർ ആശുപത്രികളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന കായകല്പ പുരസ്‌കാരം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് സമ്മാനിച്ചു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, വൈസ് പ്രസിഡന്റ് ബീന വി.കെ, വാർഡ് മെമ്പർമാർ, മെഡിക്കൽ ഓഫീസർ ഡോ. ഗ്രീഷ്മപ്രിയ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
തുറന്നു പ്രവർത്തിക്കും
അവധി ദിവസമായ നാളെ കൊയിലാണ്ടി നഗരസഭ റവന്യൂ വിഭാഗം തുറന്ന് പ്രവർത്തിക്കും. തൊഴിൽ നികുതി, വസ്തു നികുതി എന്നിവ പിഴ പലിശ ഇല്ലാതെ മാർച്ച് 31 വരെ സ്വീകരിക്കും. പൊതുജനങ്ങൾ  ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി നിയമനടപടി, ജപ്തി എന്നിവയിൽ നിന്നും ഒഴിവാകേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
ക്വട്ടേഷൻ നോട്ടീസ് 
കേരള റോഡ് ഫണ്ട് ബോർഡ്-പ്രൊജക്റ്റ് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട് / വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുളള  ക്വട്ടേഷനുകൾ ക്ഷണിച്ചു. 2017 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്‌ട്രേഷനുള്ള, എയർകണ്ടിഷൻ ചെയ്ത, ടാക്‌സി പെർമിറ്റുള്ള, 1400 സിസി ക്ക് മുകളിലുള്ള 7 സീറ്റർ വാഹനം ആയിരിക്കണം. ക്വട്ടേഷനുകൾ നേരിട്ടും തപാൽ / സ്പീഡ് പോസ്റ്റ് മുഖേനയും സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 0495 2992620
തലക്കുളത്തൂർ സി എച്ച് സിയിൽ വിപുലീകരിച്ച വ്യായാമ കേന്ദ്രം ഉദ്ഘാടനം ചെയ്തു
‘ജീവിതശൈലി മാറ്റം വ്യായാമത്തിലൂടെ’ എന്ന ലക്ഷ്യത്തോടെ തലക്കുളത്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ വിപുലീകരിച്ച വ്യായാമ കേന്ദ്രം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് വ്യായാമ കേന്ദ്രം വിപുലീകരിച്ചത്.
 2018ൽ ജില്ലയിൽ തന്നെ ആദ്യമായി പൊതുജനങ്ങൾക്ക് വേണ്ടി സ്ഥാപിച്ച വ്യായാമ കേന്ദ്രമാണ് തലക്കുളത്തൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേത്. വ്യായാമ കേന്ദ്രം വിപുലീകരിച്ചതിലൂടെ പ്രതിദിനം 250 പേർക്ക് വ്യായാമം ചെയ്യാനുള്ള സൗകര്യമാണ് ഒരുങ്ങിയത്.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.പി ദിനേശ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. ബേബി പ്രീത സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ ടോമി തോമസ് നന്ദിയും പറഞ്ഞു.
സാ​ഗി പദ്ധതി: കായണ്ണ ​പഞ്ചായത്തിന്റെ വില്ലേജ് ഡെവലപ്മെന്റ് പ്ലാൻ അം​ഗീകരിച്ചു
കായണ്ണ ​ഗ്രാമപഞ്ചായത്തിന്റെ വില്ലേജ് ഡെവലപ്മെന്റ് പ്ലാനിന് അന്തിമ അം​ഗീകാരമായി. എളമരം കരീം എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് പ്ലാൻ അം​ഗീകരിച്ചത്. സൻസദ് ആദർശ് ​ഗ്രാമ യോജന (സാ​ഗി) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കായണ്ണയെ എം.പി ദത്തെടുത്തത്.
എസ്.സി/എസ്.ടി കോളനികളുടെ നവീകരണം, മുത്താച്ചിപാറ ടൂറിസം പദ്ധതി, പൊതു ശൗചാലയങ്ങളുടെ നിർമ്മാണം, പഞ്ചായത്തിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികൾ, നീന്തൽ, യോ​ഗ പരിശീലനം ഉൾപ്പെടെ വിവിധങ്ങളായ 57 പദ്ധതികളാണ് പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
യോ​ഗത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എം സി മുഹമ്മദ് റഫീഖ് വിഷയാവതരണം നടത്തി.  കായണ്ണ ​ഗ്രാമപഞ്ചായത്തിന്റെ  വില്ലേജ് ഡെവലപ്മെന്റ് പ്ലാൻ പി.എ.യു കോഴിക്കോട് പ്രോജക്ട് ഡയറക്ടർ കെ.കെ വിമൽരാജ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, സെക്രട്ടറി കെ.ടി മനോജ് കുമാർ, ഡബ്ല്യൂ.ഡി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഒ ശ്രീകല തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, നിർവഹകണണ ഉദ്യോ​ഗസ്ഥർ എന്നിവർ പങ്കെടുത്തു.
തലക്കുളത്തൂർ സി എച്ച് സി കായകല്പ പുരസ്കാരം ഏറ്റുവാങ്ങി
തലക്കുളത്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ  പ്രവർത്തന മികവിന് സംസ്ഥാന തലത്തിൽ ലഭിച്ച കായകല്പ പുരസ്കാരം ഏറ്റുവാങ്ങി. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നൽകുന്നതാണ് കായകല്‍പ്പ പുരസ്‌കാരം.
ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള, മെഡിക്കൽ ഓഫീസർ ബേബി പ്രീത, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.സർജാസ്, ആരോഗ്യ പ്രവർത്തകർ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
റഷ്യന്‍ യുവതിക്കെതിരായ അതിക്രമം; വനിതാ കമ്മിഷന്‍ നിയമസഹായം നല്‍കും  – അഡ്വ. പി.സതീദേവി
* മൊഴിയെടുക്കുന്നതിന് ദ്വിഭാഷിയുടെ സേവനം ഏര്‍പ്പാടാക്കി
* മതിയായ സുരക്ഷയോടുകൂടിയ താമസസൗകര്യം ഏര്‍പ്പടുത്താന്‍ നിര്‍ദേശം
കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റഷ്യന്‍ യുവതിക്ക് വേണ്ട നിയമസഹായം കേരള വനിതാ കമ്മിഷന്‍ ഒരുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്‍ നടത്തിയ അന്വേഷത്തില്‍ യുവതിക്ക് റഷ്യന്‍ ഭാഷയേ അറിയുകയുള്ളൂ എന്നതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് കോഴിക്കോട് സ്വദേശിനിയായ ദ്വിഭാഷിയുടെ സേവനവും വനിതാ കമ്മിഷന്‍ ഏര്‍പ്പാടാക്കി നല്‍കി. വിഷയം സംബന്ധിച്ച് വനിതാ കമ്മിഷന്‍ നേരത്തെതന്നെ സ്വമേധയാ കേസ് എടുത്ത് കോഴിക്കോട് റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രതി അഖിലിനെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ റഷ്യന്‍ യുവതിക്ക് മതിയായ സുരക്ഷയോടുകൂടിയ താമസസൗകര്യം ഏര്‍പ്പാട് ചെയ്യണമെന്നും കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കേസിന്റെ അന്വേഷണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
വിമുക്തി മിഷൻ: സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വാർഡ് ഒരുങ്ങുന്നു
കോഴിക്കോട് ജനറൽ ആശുപത്രിയിൽ വിമുക്തി മിഷൻറെ കീഴിൽ പ്രവർത്തിക്കുന്ന ഡി- അഡിക്ഷൻ സെൻററിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വാർഡ് ഒരുങ്ങുന്നു. വാർഡിൻറെ ഉദ്ഘാടനം തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മാർച്ച് 30ന് വൈകീട്ട് 4 മണിക്ക് നിർവഹിക്കും.
ഡി -അഡിക്ഷൻ സെൻററിൻ്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സ്ത്രീകൾക്കും കുട്ടികൾക്കും ലഹരിയിൽ നിന്നും മോചനം സാധ്യമാക്കുന്നതിനു പ്രത്യേക വാർഡ് ആരംഭിക്കുന്നത്. ഒ പി സേവനം, കൗൺസിലിംഗ്, മരുന്നുകൾ, മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങൾ, ലഹരിയിൽ നിന്നും മോചനം നേടുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പ്രത്യേക കരുതൽ എന്നിവ ഇവിടെ ലഭിക്കും.
തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളും, എക്സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
ബേപ്പൂരിലെ ഹയർസെക്കണ്ടറി വിദ്യാലയങ്ങൾ സ്ത്രീ സൗഹൃദമാകുന്നു   
ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ ഗവണ്‍മെന്റ് എയ്ഡഡ് ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളും സ്ത്രീ സൗഹൃദ വിദ്യാലയങ്ങളാകും. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന ‘ഇടം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ വിശ്രമസൗകര്യവും വൃത്തിയുള്ള മൂത്രപ്പുരയും നിർമ്മിക്കുന്നു.
ശാരീരികവും മാനസികവുമായ ആരോഗ്യ പരിപാലനവും മാനസിക ഉല്ലാസവും ലക്ഷ്യമിട്ടാണ് ‘ഇടം’പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ വിശ്രമ കേന്ദ്രം ഒരുക്കുന്നത്.  ഇതിനായി കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോര്‍പ്പറേഷന്റെ രണ്ട് സാമ്പത്തിക വർഷങ്ങളിലെ ലാഭത്തിന് അനുസൃതമായി സി.എസ്.ആര്‍ തുകയായ 88 ലക്ഷം രൂപയ്ക്കുള്ള ഒന്‍പത് പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തുന്നതിന് ഉത്തരവായി.
ബേപ്പൂര്‍ ജി.എച്ച്.എസ്.എസ്, ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍സെക്കണ്ടറി സ്‌കൂള്‍, രാമനാട്ടുകര സേവാമന്ദിര്‍ പോസ്റ്റ് ബേസിക് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, ഫറോക്ക് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാലിക്കറ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഹാന്‍ഡികാപ്ഡ് കൊളത്തറ, ഫറോക്ക് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് സ്ത്രീ സൗഹൃദ വിശ്രമസൗകര്യവും വൃത്തിയുള്ള മൂത്രപ്പുരയും നിര്‍മ്മിക്കുന്നതിന് ഉത്തരവായത്.
മികച്ച ശുചിമുറി സൗകര്യത്തിനൊപ്പം, കിടക്കകളോടു കൂടിയ കട്ടില്‍, കസേരകള്‍, നാപ്കിന്‍ വെന്‍ഡിങ് യന്ത്രം, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കും.
ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ മഞ്ഞൾകൃഷി വ്യാപിപ്പിക്കുന്നു  
ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 160 വാർഡുകളിലും മഞ്ഞൾകൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. തുടക്കത്തിൽ ഒരു ഏക്കർ ഭൂമിയിൽ കൃഷി ചെയ്യുകയാണ് ലക്ഷ്യം. ഔഷധ ഗുണം ഏറെയുള്ള മഞ്ഞളിന്റെ ഉത്പാദനം വർധിപ്പിക്കുന്നതോടൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉത്പാദനവും വിപണനവും ലക്ഷ്യം വെക്കുന്നു.
മഞ്ഞൾ കൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്  മാർച്ച് 27 ന് രാവിലെ 9.30 ന് ബാലുശ്ശേരി ബ്ലോക്ക്‌പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ശില്പശാല സംഘടിപ്പിക്കുന്നു. കോഴിക്കോട് അടക്ക സുഗന്ധ വിള വികസന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.   ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം  ചെയ്യും. ഗ്രാമപഞ്ചായത്തുകളിലെ ഒരു വാർഡിൽ നിന്നും ഒരു പ്രതിനിധിയടക്കം ഗ്രാമപഞ്ചായത്തിൽ നിന്നും പരമാവധി 20 പേർക്ക് പങ്കെടുക്കാം. ശില്പശാലയിൽ മഞ്ഞൾ കൃഷിയും കീടനിയന്ത്രണവും എന്ന വിഷയത്തിൽ വിദഗ്ദരായവർ ക്ലാസ്സ് എടുക്കും.
ബാലുശ്ശേരി മണ്ഡലം  വികസന സെമിനാറിലെ ചർച്ചകളുടെ  അടിസ്ഥാനത്തിൽ മണ്ഡലത്തിൽ ഒരു പ്രധാന വിള തെരെഞ്ഞെടുക്കാനും എല്ലാ വാർഡുകളിലും പ്രസ്തുത വിളകൾ കൃഷി ചെയ്യുന്നതിനും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണനം നടത്തുന്നതിനും നിർദ്ദേശം വന്നതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മണ്ഡലത്തിലെ കാർഷിക പ്രവർത്തനങ്ങൾ എകീകരിക്കുന്നതിനായി  വാർഡ് തലത്തിൽ  കാർഷിക  സമിതികൾ  രൂപീകരിക്കും. ഗ്രാമ പഞ്ചായത്തടിസ്ഥാനത്തിലും മണ്ഡലാടിസ്ഥാനത്തിലും സമിതികൾ നിലവിൽ വരും. സമിതികൾ രൂപം കൊടുക്കുന്ന ഓർഗനൈസേഷനുകൾ വിവിധ സഹായങ്ങൾ സർക്കാരിൽ നിന്നും ഇതിനായി ലഭ്യമാക്കുമെന്ന് കെ.എം സച്ചിൻ ദേവ് എം.എൽ.എ പറഞ്ഞു
പഠനോപകരണങ്ങൾ വിതരണം ചെയ്തു
മുക്കം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ‘പഠനം മിത്രം’ പദ്ധതിയിലൂടെ നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.
296 വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ അധ്യക്ഷത വഹിച്ചു. അബ്ദുൾ മജീദ്, വേണുഗോപാലൻ, ഗഫൂർ കുരുട്ടി, എം.കെ യാസിർ, അനിതകുമാരി, എം വി രജനി, ഹസീന എന്നിവർ സംസാരിച്ചു.
പോഷൻ പക് വാഡ പരിപാടിക്ക് തുടക്കം 
വനിതാ ശിശു വികസന വകുപ്പ്, ജില്ലാതല ഐ സി ഡി എസ് സെൽ കോഴിക്കോട് ഓഫീസിന്റെ നേതൃത്വത്തിലുള്ള പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായ പോഷൻ പക് വാഡ പരിപാടിക്ക് തുടക്കമായി. ജില്ലാ വനിത ശിശു വികസന വകുപ്പ് ഓഫീസർ സബീന ബീഗം ഉദ്ഘാടനം നിർവഹിച്ചു. ഏപ്രിൽ മൂന്നു വരെയാണ് പോഷൻ പക് വാഡ ആചരിക്കുന്നത്.
പരിപാടിയുടെ ഭാഗമായി നടത്തിയ സെമിനാറിൽ ‘അനീമിയയും പ്രതിരോധവും’, ‘ചെറുധാന്യങ്ങളുടെ പ്രാധാന്യം’ എന്ന വിഷയങ്ങൾ ആസ്പദമാക്കി ഡോ സുജീറ നബീൽ, ന്യൂട്രീഷനിസ്റ്റ് ലത പി.ജോർജ് എന്നിവർ ക്ലാസുകൾ നടത്തി. ആർ.ബി.എസ്.കെ പദ്ധതിയുടെ ഭാഗമായി അനീമിയ ടെസ്റ്റ് നടത്തി. ഗുണഭോക്താക്കൾക്കായി ക്വിസ്സ് പ്രോഗ്രാം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
പ്രോഗ്രാം ഓഫീസ് സീനിയർ സൂപ്രണ്ട് വിദ്യ, ജൂനിയർ സൂപ്രണ്ട് രാജേഷ്, ഗവൺമെന്റ് ഗേൾസ് ഹോം സൂപ്രണ്ട് നിഷ മോൾ എന്നിവർ സംസാരിച്ചു.  ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ  അനിത.പി.പി സ്വാഗതവും അഭയ് നന്ദിയും പറഞ്ഞു.
പരിസ്ഥിതി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു 
ജില്ലാ മെഡിക്കൽ ഓഫീസ് എൻ സി ഡി വിഭാഗം എൻ പി സി സി എച്ച് എച്ച് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി  ബോധവൽക്കരണ പരിപാടി ” സർവ്വം സഹ ” സംഘടിപ്പിച്ചു. കാരയാട് എഫ് എച്ച് സി അരിക്കുളത്ത് സംഘടിപ്പിച്ച പരിപാടി കവി പി.കെ ഗോപി ക്ഷേത്രക്കുളത്തിനു ചുറ്റും മൺചിരാത് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി ഇ എം ഒ ഷാലിമ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.
പരിസ്ഥിതി സംരക്ഷണം എന്ന ആശയം ഉയർത്തി പിടിച്ച പരിപാടിയിൽ സദസ്യർ ആൽമരത്തെ ആദരിച്ചു. ബോധവത്കരണ സദസ്സിന്റെ ഭാഗമായി പേരാമ്പ്രയിൽ നിന്നുള്ള കലാകാരൻമാർ പി.കെ ഗോപിയുടെ ‘പുതിയ കാട്ടാളൻ’ എന്ന കവിതയുടെ ദൃശ്യാവിഷ്കാരം നടത്തി.
 പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രജനി , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.വി. നജീഷ് കുമാർ, തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
കനാലുകളുടെ അറ്റകുറ്റപണി  1.02 കോടി അനുവദിച്ചു
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെയുള്ള കനാലുകളുടെ അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാര്‍ 1.02 കോടി രൂപ അനുവദിച്ചതായി കാനത്തില്‍ ജമീല എംഎല്‍എ അറിയിച്ചു. ഇരിങ്ങല്‍ ബ്രാഞ്ച് കനാലില്‍ ജലവിതരണം നടന്നുകൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി മണ്ഡലത്തിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുന്നതോടെ കൊയിലാണ്ടി നഗരസഭ, പയ്യോളി നഗരസഭ, മൂടാടി, തിക്കോടി എന്നീ പഞ്ചായത്തുകളിലെയും ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.
ഈ വര്‍ഷത്തെ ജലവിതരണം ആദ്യഘട്ടത്തില്‍ തിരുവങ്ങൂര്‍ ബ്രാഞ്ച് കനാലിലും തുടര്‍ന്ന് നടേരി ഡിസ്ട്രിബ്യൂട്ടറിയിലുമാണ് നടത്തിയത്.  ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലും കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ ഭാഗങ്ങളിലും കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ ജലക്ഷാമം പരിഹരിക്കാന്‍ ഇതുവഴി കഴിഞ്ഞതായും എം എൽ എ പറഞ്ഞു.
ജലവിതരണത്തിന്റെ പുരോഗതി വിലയിരുത്താന്‍ കുറ്റ്യാടി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അരവിന്ദന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍  എന്നിവർ എം എൽ എ യോടൊപ്പം കനാൽ പ്രദേശം സന്ദര്‍ശിച്ചു.
കാർഷിക മേഖലയ്ക്ക് ഉണർവേകി കുറ്റ്യാടി ജലസേചന പദ്ധതി
വേനൽ കാലത്ത്  ജില്ലയിലെ കർഷകർക്ക് തണലാവുകയാണ് കുറ്റ്യാടി ജലസേചന പദ്ധതി. കനാൽ വഴിയാണ് കൃഷിക്കാവശ്യമായ വെള്ളം വിവിധ സ്ഥലങ്ങളിലെത്തിക്കുന്നത്. രണ്ട് മെയിൻ കനാലും 10 ബ്രാഞ്ച് കനാലും ഡിസ്ട്രിബ്യൂട്ടറി കനാലുകളും ഫീൽഡ് ബോത്തി കനാലുകളുമടക്കം ആകെ 603 കിലോമീറ്റർ നീളമുള്ള കനാൽ ശൃംഖലകളിലായാണ് പദ്ധതിക്ക് കീഴിൽ ജലവിതരണം നടത്തുന്നത്.
പ്രോജക്ട് അഡ്വൈസറി കമ്മിറ്റി തീരുമാനപ്രകാരം ഫെബ്രുവരി മാസത്തിൽ തന്നെ കനാൽ വഴി കൃഷിക്കാവശ്യമായ ജലവിതരണം ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ കൊയിലാണ്ടി താലൂക്കിലേക്കുള്ള ഇടതുകര കനാലാണ് തുറന്നത്. മാർച്ച് ആദ്യവാരം വടകര താലൂക്കിലേക്ക് വെള്ളമെത്തിക്കുന്ന വലതുകര കനാലും തുറന്നു. കർഷകരുടെ ആവശ്യപ്രകാരമാണ് കനാൽ വഴിയുള്ള ജലവിതരണം നടത്തുന്നത്.
പെരുവണ്ണാമുഴി റിസർവോയർ അണക്കെട്ട് ബലപ്പെടുത്തുന്ന പ്രവൃത്തികൾ നടക്കുന്നതും 50 വർഷം പൂർത്തീകരിച്ച കനാലിന്റെ ഇന്നത്തെ അവസ്ഥയും ജലവിതരണത്തെ ബാധിക്കുമായിരുന്നെങ്കിലും അധികൃതരുടെ കൃത്യമായ ഇടപെടൽ ജലവിതരണം സു​ഗമമാക്കി. ഡാമിന്റെ നവീകരണ പ്രവൃത്തി ന‌ടക്കുന്നതിനാൽ  സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് വളരെ കുറവാണ്. കർഷകർക്ക് ആവശ്യമായ സമയങ്ങളിൽ വെള്ളമെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചത്.  കാർഷിക ആവശ്യങ്ങൾക്ക് അല്ലാതെ കുടിവെള്ളം എത്തിക്കാനുള്ള വഴി കൂടിയായി ഇതിനെ ജനങ്ങൾ കാണുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
മേപ്പയൂർ പാടത്ത് വെള്ളം എത്തിക്കുന്ന നടുവത്തൂർ ബ്രാഞ്ച് കനാലിൽ ആദ്യഘട്ടമായ മാർച്ച് രണ്ട്  മുതൽ 13  വരെ ജലവിതരണം നടത്തിയിരുന്നു. നൊച്ചാട് പാടത്ത് വെള്ളം എത്തിക്കുന്നതിനായി നൊച്ചാട് ഡിസ്ട്രിബ്യൂട്ടറി കനാലിലൂടെ ആദ്യഘട്ടത്തിൽ ജലവിതരണം ചെയ്തിരുന്നു. മാർച്ച് 24-ന്  രണ്ടാംഘട്ട  ജലവിതരണത്തിനായി ഇവിടം തുറന്നിട്ടുണ്ട്.
വടകര താലൂക്കിൽ ഉൾപ്പെടുന്ന വിവിധ പാടശേഖരങ്ങളിൽ വെള്ളം എത്തിക്കുന്നതിനായി മാർച്ച് മാസത്തിൽ കനാൽ തുറന്നിരുന്നു. മണിയൂർ, എളമ്പിലാട്, ചെരണ്ടത്തൂർ പാടശേഖരങ്ങളിൽ വെള്ളം എത്തിച്ചേരുന്ന മണിയൂർ ബ്രാഞ്ച് കനാൽ, മണിയൂർ ഡിസ്ട്രിബ്യൂട്ടറി, ചെരണ്ടത്തൂർ ഡിസ്ട്രിബ്യൂട്ടറി  എന്നീ കനാലുകളിലൂടെയാണ് മാർച്ച് 11 മുതൽ  22 വരെ ജലവിതരണം നടത്തിയത്.
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത്, കുരുവോട് ചിറ പാടശേഖരത്തിൽ വെള്ളം എത്തിക്കുന്ന ചെറുവണ്ണൂർ മുയിപ്പോത്ത് ഡിസ്ട്രിബ്യൂട്ടറി കനാൽ മാർച്ച് ആറ് മുതൽ 13 വരെ ജലം വിതരണം ചെയ്തിരുന്നു. കായണ്ണ പഞ്ചായത്തിലെ കുറ്റിവയൽ, ചെറുക്കാട് പ്രദേശത്ത് വെള്ളം എത്തിക്കുന്നതിനായി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ ശൃംഖല വഴി കനാൽ സൗകര്യം ഇപ്പോൾ നിലവിലില്ലാത്തതിനാൽ വെള്ളം എത്തിക്കുന്നത് പ്രതിസന്ധി തീർക്കുന്നു.
വലതുകര, ഇടതുകര കനാലുകളും കക്കോടി ബ്രാഞ്ചുമാണ് പദ്ധതിക്ക് കീഴിലുള്ളത്. ഇത് വഴിയാണ് വേനലിലും കർഷകർക്ക് വെള്ളമെത്തിക്കുന്നത്. കനാലുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന് നിയന്ത്രണമുള്ളതിനാൽ എല്ലാ കനാലുകളിലും ഒന്നിച്ച് ജലവിതരണം നടത്തുന്നതിനുള്ള സാഹചര്യം ഇപ്പോൾ നിലവിലില്ലന്ന് കുറ്റ്യാടി ജലസേചന പദ്ധതിയുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ  അറിയിച്ചു.
വനിതാ ദിനം: രചനാ മത്സര വിജയികളെ പ്രഖാപിച്ചു
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കഥ- കവിത രചനാ മത്സരത്തിന്റെ വിജയികളെ പ്രഖാപിച്ചു. കഥാ രചനാ മത്സരത്തിൽ ബീന കെ.കെ വടക്കേടത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അശ്വതി ബി രണ്ടാം സ്ഥാനവും അനൂപ മൂന്നാം സ്ഥാനവും നേടി. എൻ.പി വിനീത, ദീപ്തി വി.കെ, ഉഷാറാണി, അഞ്ചു എ, ലിബ ബിജു എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
കവിത രചനാ മത്സരത്തിൽ എൻ.പി വിനീതക്കാണ് ഒന്നാം സ്ഥാനം. ഹിൽന കെ രണ്ടാം സ്ഥാനവും അശ്വതി ബി  മൂന്നാം സ്ഥാനവും നേടി. ബീന കെ.കെ വടക്കേടത്ത്, രജനി പി, ബിജിത ചള്ളിയിൽ, അഞ്ചു എ , റജീന പുറക്കാട്ട് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
മാർച്ച് 27ന് വൈകുന്നേരം 4:30 ന് താലൂക്ക് കോൺഫറൻസ് ഹാളിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഡി ഡി സി എം.എസ് മാധവിക്കുട്ടി സമ്മാനദാനം നിർവഹിക്കും. ” സ്ത്രീ ജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു രചനാ മത്സരം സംഘടിപ്പിച്ചത്.