ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന; താമരശ്ശേരി സ്വദേശിയായ യുവാവ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍
താമരശ്ശേരി: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. താമരശ്ശേരി അമ്പായത്തോട് ഷാനിദ് മന്‍സിലില്‍ നംഷിദ്(36) ആണ് അറസ്റ്റിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
കോഴിക്കോട് റൂറല്‍ എസ്പി ആര്‍ കറപ്പസ്വാമി ഐപിഎസിന്റെ നിര്‍ദേശംപ്രകാരം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഷാജി കെ എസ്, താമരശ്ശേരി ഡിവൈഎസ്പി ചാര്‍ജ്ജിലുള്ള അബ്ദുല്‍ മുനീര്‍ പി എന്നിവരുടെ മേല്‍നോട്ടത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച്ച വൈകുന്നേരം 6.35ന് അമ്പായത്തോട് വെച്ചാണ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍, ഇലക്ട്രോണിക് ത്രാസ്സ് എന്നിവ സഹിതം പ്രതിയെ അറസ്റ്റു ചെയ്തത്.
ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട് വയനാട് ജില്ലകളില്‍ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇയാളെ 7ഗ്രാം എംഡിഎംഎയുമായി താമരശ്ശേരിയില്‍ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും ഇയാള്‍ മയക്കുമരുന്നു വില്പന തുടരുകയായിരുന്നു.
കോഴിക്കോട് ടൗണിലും മുക്കം, ബാലുശ്ശേരി, വയനാട് എന്നീ സ്ഥലങ്ങളിലും കാറിലും ബൈക്കിലും രാത്രികാലങ്ങളില്‍ സഞ്ചാരിച്ചാണ് വില്പന. ബാംഗ്ലൂര്‍ നിന്നും ഗ്രാമിന് 1000 രൂപക്ക് എത്തിക്കുന്ന എംഡിഎംഎ 3000 രൂപ വെച്ചാണ് ഇയാള്‍ വില്‍ക്കുന്നത്. പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷം രൂപ വരും. അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.