കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അരിവാള്‍ രോഗം ബാധിച്ച് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തോട് അനാദരവ്: കാനൂല പോലും നീക്കിയില്ലെന്ന് പരാതി


കോഴിക്കോട്: അരിവാള്‍ രോഗം ബാധിച്ച് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തോട് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ അനാദരവ് കാട്ടിയെന്ന് പരാതി. കാനൂല പോലും നീക്കം ചെയ്യാതെയാണ് മൃതദേഹം വിട്ടുനല്‍കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

വയനാട് പനമരം പുതൂര്‍കുന്ന് കോളനിയിലെ പത്തൊന്‍പതുകാരന്‍ അഭിജിത്താണ് അരിവാള്‍ രോഗത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് അഭിജിത്ത് മരണപ്പെട്ടിരുന്നത്. രണ്ട് ദിവസം മുമ്പാണ് അഭിജിത്ത് കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മറ്റുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു.

എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമ്പോള്‍ മരുന്ന് നല്‍കുന്നതിനായി കൈയില്‍ ഘടിപ്പിച്ച കാനൂല നീക്കം ചെയ്തിരുന്നില്ല. മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് കാനൂല ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തെ ആശുപത്രിയില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയാണ് കാനൂല മൃതദേഹത്തില്‍ നിന്ന് നീക്കം ചെയ്തത്.

സംഭവത്തില്‍ എസ്‌സി/എസ്ടി കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളായതുകൊണ്ടാണ് മൃതദേഹത്തോട് അനാദരവ് കാണിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.