കലോത്സവമല്ലേ, ഉർദുവിൽ പിടിച്ചാലോ?; പാടി ജയിച്ച് നിഹാരികയും സംഘവും
വടകര: ഭാഷയുടെ അതിര്‍ വരമ്പുകളെ പാടിത്തോല്‍പ്പിച്ചിരിക്കുകയാണ് കുഞ്ഞ് ഗായികമാരുടെ ഒരു സംഘം. കോഴിക്കോട് ജില്ല റവന്യൂ കലോത്സവ വേദിയിലാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു സംഘഗാനാലാപനം അരങ്ങേറിയത്. ചേവായൂരിലെ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാര്‍ഥികളായ നിഹാരികയും ആറോളം കൂട്ടുകാരികളും ചേര്‍ന്ന് എല്‍.പി വിഭാഗത്തിന്റെ ഉര്‍ദു സംഘഗാനമാണ് അതിമനോഹരമായി പാടിയത്. ഉര്‍ദു ഭാഷയുടെ അടിത്തറപോലുമില്ലാത്ത മിടുക്കികളാണ് ഒരക്ഷരം തെറ്റിക്കാതെ ഈണവും താളവും കൈവിടാതെ ഉര്‍ദുവില്‍ ഗാനമാപലിച്ച് ഒന്നാം സ്ഥാനം നേടിയത് എന്നതാണ് വിസ്മയിപ്പിക്കുന്ന വസ്തുത.
എല്‍.പി.ക്ലാസ്സുകളില്‍ പഠിക്കുന്ന ഈ കുഞ്ഞുമക്കള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് യാതൊരു പരിചയവുമില്ലാത്ത ഉര്‍ദുവിനെ നാവിന് വഴക്കിയെടുത്തത്. കുട്ടികളുടെ തിളക്കമാര്‍ന്ന പ്രകടനത്തിന് പിന്നിലുണ്ടായിരുന്ന സ്കൂളിന്റെ പിന്തുണയും എടുത്ത് പറയേണ്ടതാണ്. മത്സരത്തിന് വേണ്ടി മാത്രം പുറത്തുനിന്ന് ഉറുദു അധ്യാപകനെ കൊണ്ടുവന്ന് കുട്ടികള്‍ പ്രത്യേക പരിശീലനം നല്‍കിയാണ് ഈ നേട്ടം ചേവായൂർ സ്കൂൾ സ്വന്തമാക്കിയത്.
വളരെ കാലമായി പരിശീലിക്കുന്ന ഭാഷകള്‍ പോലും തെറ്റിപ്പോവുന്ന അവസ്ഥ വരാറുണ്ട്. എന്നാല്‍ സമ്മാനവും കൊണ്ടേ പോരൂ എന്ന ഈ കുരുന്നുകളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അപരിചിതമായ ഒരു ഭാഷപോലും മുട്ടുമടക്കി. ആദ്യമായി ഉറുദു ഭാഷ പഠിക്കുകയും ഗാനമാലപിക്കുകയും ചെയ്ത്, ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ഈ കൂട്ടുകാരികള്‍.