”ഇതുവരെ സ്‌ക്രീനിലും ടി.വിയും കണ്ട ലോകകപ്പ് സ്റ്റേഡിയത്തിലെ ആവേശം നേരിട്ട് കാണാനാവുന്നതിന്റെ ആനന്ദത്തിലാണ്” ലോകകപ്പ് വേദിയില്‍ ക്രൗഡ് കണ്‍ട്രോളറായി ജോലി ചെയ്യുന്ന കാരയാട് സ്വദേശി മുഹമ്മദ് ഫായിസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: കേരളത്തിലെ ലോകകപ്പ് ആവേശം മുഹമ്മദ് ഫായിസ് നേരിട്ട് കണ്ടതാണ്. ഇപ്പോള്‍ ലോകകപ്പ് വേദിയിലെ ആരവവും ആവേശവുമെല്ലാം നേരിട്ട് കാണാന്‍ പറ്റിയതിന്റെ അമ്പരപ്പിലാണ് കാരയാട് തണ്ടയില്‍ത്താഴെ സ്വദേശി മുഹമ്മദ് ഫായിസ്. ലോകകപ്പ് നടത്തുന്ന പ്രധാന വേദികളില്‍ ക്രൗഡ് കണ്‍ട്രോളറായി ജോലി ചെയ്യുകയാണ് ഫായിസ്.

ടൂര്‍ണമെന്റ് സെക്യൂരിറ്റി ഫോഴ്‌സിന്റെ ക്രൗഡ് കണ്‍ട്രോളര്‍ ആയാണ് ഫായിസ് ജോലി ചെയ്യുന്നത്. പ്രധാന സ്റ്റേഡിയമായ അല്‍ബെയ്ത്ത്, ലുസൈല്‍ എന്നിവിടങ്ങളിലാണ് ചുമതല നിര്‍വഹിക്കുന്നത്. പ്രധാനപ്പെട്ട മത്സരങ്ങളെല്ലാം തന്നെ നടക്കുന്ന ഈ രണ്ട് സ്റ്റേഡിയങ്ങളിലാണ്. ലൂസൈല്‍ സ്റ്റേഡിയത്തില്‍ 85000 അല്‍ബെയ്ത്തില്‍ 65000 എന്നിങ്ങനെയാണ് സീറ്റിങ് കപ്പാസിറ്റി. കൂടെ ജോലി ചെയ്യുന്നവരില്‍ മലയാളികള്‍ ഉണ്ടെങ്കിലും അറബ് വംശജരാണ് കൂടുതലെന്നും ഫായിസ് പറയുന്നു. ഇതുവരെ നടന്ന മത്സരങ്ങളില്‍ അര്‍ജന്റീന-മെക്‌സികോ മത്സരം കാണാനാണ് ഏറ്റവും വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നതെന്ന് ഫായിസ് പറയുന്നു.

പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി മത്സരങ്ങൾക്ക് ശേഷമാണ് ഫെെനൽ നടക്കുക. പ്രധാന മത്സരങ്ങളായ സെമിയും ഫെെനലും നടക്കുന്ന സ്റ്റേഡിയത്തിൽ ഡ്യൂട്ടി ലഭിച്ചതിനാൽ അവ നേരിൽ കാണാൻ സാധിക്കുമല്ലോ എന്ന ഉത്ഹാസത്തിലും കാത്തിരിപ്പിലുമാണ്. ടി.വിയിലൂടെ മാത്രം കണ്ടിട്ടുള്ള താരങ്ങളാണ് കൺമുന്നിലൂടെ മത്സരത്തിനായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത്. ഒപ്പം പ്രമുഖരായ സിനിമാ താരങ്ങളേയും നേരിൽ കാണാനാ‍ സാധിച്ചതിന്റെ സന്തോഷവും ഫായിസ് പങ്കുവെച്ചു.

നാലുവര്‍ഷം മുമ്പാണ് ഫായിസ് ഖത്തറിലെത്തുന്നത്. ഖത്തറിലെ മിനിസ്ട്രി ഓഫ് ഇന്റീരയര്‍ നടത്തിയ അഭിമുഖ പരീക്ഷയില്‍ പങ്കാളിയാവുകയും ലോകകപ്പ് വേദിയില്‍ ക്രൗഡ് കണ്‍ട്രോളറായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ഒരുലോകകപ്പ് സീസണിന്റെ ആഘോഷം മുഴുവന്‍ അടുത്തിരുന്ന് ആസ്വദിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഫായിസ്.