ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്; ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ തിളക്കവുമായ് വളയം സ്വദേശി അബ്ദുള്ള അബൂബക്കര്‍


വളയം: ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍സ്വര്‍ണ നേട്ടവുമായി വളയം സ്വദേശി അബ്ദുള്ള അബൂബക്കര്‍(27). ട്രിപ്പിള്‍ ജംപില്‍ 16.92 മീറ്റര്‍ ചാടിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണം കൂടിയാണിത്. ജപ്പാന്റെ ഹികാരു ഇകെഹാത (16.73 മീറ്റര്‍) വെള്ളിയും, കൊറിയയുടെ ജാന്‍ഫു കിം(16.59) വെങ്കലവും നേടി.

നാലാമത്തെ അവസരത്തിലായിരുന്ന അബ്ദുള്ള അബൂബക്കറിന്റെ ട്രിപ്പിള്‍ജമ്പിലെ സ്വര്‍ണച്ചാട്ടം. ഒന്നാമത്തെ ചാട്ടം ഫൗളും രണ്ടാമത്തേത് 15.80 മീറ്റര്‍, മൂന്നാമത്തേത് 16.54. നാലാമത്തേതാണ് 16.92 മീറ്റര്‍. അഞ്ചാമത്തേത് 16.40 മീറ്റര്‍ എന്നിങ്ങനെയായിരുന്നു. ഈ സീസണിലെ ഏറവും മികച്ച പ്രകടനമാണിത്.

മുന്‍പ് ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സില്‍ 16.77 മീറ്റര്‍ ചാടി സ്വര്‍ണം നേടിയിരുന്നു. ഇന്റര്‍ സ്റ്റേറ്റ് മീറ്റില്‍ വെള്ളിയും മാണ്‍ട്രിയലില്‍ നടന്ന മീറ്റില്‍ വെങ്കലം കരസ്ഥമാക്കി. ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍ നടന്ന ഡയമണ്ട് ലീഗില്‍ ആദ്യമായി സാന്നിധ്യമറിയിച്ചപ്പോള്‍ 16.37 മീറ്ററില്‍ ആറാംസ്ഥാനം. കഴിഞ്ഞവര്‍ഷം ഭുവനേശ്വറില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി മീറ്റിലാണ് മികച്ച ദൂരം, 17.19 മീറ്റർ.

എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഈ ചാട്ടക്കാന്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനും യോഗ്യത നേടിയിട്ടുണ്ട്. വളയം നാരങ്ങോളീന്റെവിട അബൂബക്കറിന്റെയും സാറയുടെയും മകനാണ്.

summary: Walayam native wins gold in triple jump at asian athletic meet