യുവാക്കളെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് എം.ഡി.എം.എ വില്‍പ്പന; ഇരുപത്തിരണ്ടുകാരനെ അതിസാഹസികമായി പിടികൂടി ബാലുശ്ശേരി പൊലീസ്


ബാലുശ്ശേരി: യുവാക്കളെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്‍പ്പന നടത്തിയിരുന്ന ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍. പൂനൂര്‍ ചോയിമഠം കത്തറമ്മല്‍ റോഡിലുള്ള കരിങ്കുറ്റിയില്‍ മിജാസ് ആണ് പിടിയിലായത്. ബാലുശ്ശേരി എസ്.ഐ റഫീഖും സംഘവും ചേര്‍ന്ന് പൂനൂരില്‍ വെച്ച് അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.

യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് മൂന്നുവര്‍ഷത്തോളമായി മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്‍പ്പന നടത്തുകയായിരുന്നു മിജാസെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ പിടികൂടുന്നതിനായി നാലുമാസത്തോളമായി ബാലുശ്ശേരി പൊലീസ് നിരന്തരം ശ്രമിച്ചുവരികയായിരുന്നു.

0.42 ഗ്രാം എം.ഡി.എം.എയാണ് പ്രതിയില്‍ നിന്നും ലഭിച്ചത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐയെ കൂടാതെ എ.എസ്.ഐ മുഹമ്മദ് പുതുശ്ശേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോകുല്‍ രാജ്, മുഹമ്മദ് ജംഷിദ് എന്നിവരും ഉണ്ടായിരുന്നു.