‘യുവമോര്‍ച്ച മാര്‍ച്ചില്‍ പങ്കെടുക്കാതെ സംസ്ഥാന പ്രസിഡന്റ് കല്യാണത്തിന് പോയി’ മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധത്തില്‍ ആളുകുറഞ്ഞതില്‍ വിമര്‍ശനവുമായി കോഴിക്കോട് ജില്ലാ പ്രസിഡന്റ്

കോഴിക്കോട്: മുഖ്യമന്ത്രിയ്‌ക്കെതിരെ കോഴിക്കോട് യുവമോര്‍ച്ച സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചില്‍ ആളില്ലാത്തതില്‍ വിമര്‍ശനവുമായി ജില്ലാ പ്രസിഡന്റ്. സംസ്ഥാന പ്രസിഡന്റിനും ജനറല്‍ സെക്രട്ടറി കെ.ഗണേഷിനുമെതിരെയാണ് ജില്ലാ സെക്രട്ടറി ടി.റിനീഷിന്റെ വിമര്‍ശം.

മാര്‍ച്ചില്‍ ആള് കുറഞ്ഞതിന്റെ ഉത്തരവാദിത്തം ജില്ലാ പ്രസിഡന്റിന് മാത്രമല്ലെന്നും സംസ്ഥാന പ്രസിഡന്റിന്റെ നാട്ടില്‍ നിന്ന് മാര്‍ച്ചില്‍ ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റുമാരെപ്പോലും പങ്കെടുപ്പിച്ചില്ല. ഇവരുടെ നാട്ടില്‍ യുവമോര്‍ച്ചയ്ക്ക് ഒരു യൂണിറ്റ് പോലുമില്ല. സംഘടനയിലേക്ക് ആളെക്കൊണ്ടുവരാതെ ഗ്രൂപ്പ് കളിക്കുകയാണെന്നും പ്രസിഡന്റ് ആരോപിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ് സംഘടനയെ നശിപ്പിക്കാന്‍ നേതൃത്വം നല്‍കുകയാണെന്നുംyuva റനീഷ് ആരോപിച്ചു. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ ഒരു ഗുണവും സംഘടനയ്ക്ക് ചെയ്യുന്നില്ല. ആരുടെയും പെട്ടിതാങ്ങി യുവമോര്‍ച്ചയുടെയും ബി.ജെ.പിയുടെയും തലപ്പത്ത് വന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയും റനീഷ് വിമര്‍ശിച്ചു. യുവമോര്‍ച്ച മാര്‍ച്ചില്‍ പങ്കെടുക്കാതെ സംസ്ഥാന പ്രസിഡന്റ് കല്ല്യാണത്തിന് പോകുകയാണ് ചെയ്തത്. ഒരുപാട് ഉയരത്തിലുണ്ടായിരുന്ന സംഘടനയെ പൂജ്യത്തിലെത്തിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.