ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരനായ ജോസഫിന്റെ മരണം; മനുഷ്യാവകാശ കമ്മീഷനും ഭിന്നശേഷി കമ്മീഷണര്‍ക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്


പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷണര്‍ക്കും സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണനാണ് പരാതി നല്‍കിയത്.

ജീവിക്കാന്‍ വഴിയില്ലാതെ ഒരു ഇന്ത്യന്‍ പൗരന് മരിക്കേണ്ടിവന്നുവെന്നത് വളരെ വേദനാജനകമായ അവസ്ഥയാണ്, ഇത്തരം സംഭവങ്ങള്‍ ഇന്ത്യയിലും കേരളത്തിലും ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.

മാസങ്ങളോളം പെന്‍ഷന്‍ മുടങ്ങിയത് കാരണം ഭക്ഷണമോ മരുന്നോ വാങ്ങാന്‍ സാധിക്കാത്ത സ്ഥിതിയിലായിരുന്നു ജോസഫ്. പ്രശ്‌ന പരിഹാരം തേടി നിരവധി തവണ അദ്ദേഹം പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ജീവിക്കാന്‍ വഴിയില്ലാതെയാണ് അദ്ദേഹം ആത്മഹത്യ തെരഞ്ഞെടുത്തത്. ഇവിടെ ഇന്ത്യന്‍ പൗരന്റെ അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മുതുകാട് വളയത്ത് ജോസഫ് എന്ന പാപ്പച്ചന്‍ ജനുവരി 23നാണ് ആത്മഹത്യ ചെയ്തത്. 15ദിവസത്തിനകം പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് ഇയാള്‍ പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

എന്നാല്‍ നാല് മാസത്തെ പെന്‍ഷന്‍ ലഭിക്കാത്തതുകൊണ്ട് ജോസഫ് ആത്മഹത്യ ചെയ്തെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരമൊരു സംഭവത്തെ ഗവണ്‍മെന്റിന് എതിരെ തിരിച്ചു വിടാനുള്ള മാധ്യമങ്ങളുടെ നീക്കം ശരിയല്ലെന്നും പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റെ കെ.സുനില്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു.