മകന്റെ രക്താര്‍ബുദം മാറാന്‍ ഗംഗയില്‍ മുങ്ങിയാല്‍ മതിയെന്ന് കുടുംബത്തിന്റെ വിശ്വാസം; അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം


ഹരിദ്വാര്‍: ഗംഗാനദിയില്‍ മുങ്ങിയാല്‍ അസുഖം മാറുമെന്ന് കുടുംബത്തിന്റെ വിശ്വാസത്തില്‍ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം.
മകന്റെ രക്താര്‍ബുദം മാറാന്‍ ഗംഗാ നദിയില്‍ മുങ്ങിയാല്‍ മതിയെന്ന വിശ്വാസമാണ് അഞ്ച് വയസ്സുകാരന്റെ ജീവനെടുത്തത്.
ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ രോഗം മൂര്‍ഛിച്ചതോടെ കുഞ്ഞിനെ രക്ഷിക്കാനാവില്ലെന്ന് ഡോക്ടര്‍മ്മാര്‍ രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം.

കുട്ടിയെ കുറേ സമയം വെളളത്തില്‍ താഴ്ത്തിപ്പിടിക്കുകയും വെളളത്തില്‍ നിന്ന് പുറത്തേക്ക് എടുക്കാത്തതുമാണ് കുട്ടി മരിക്കാന്‍ ഇടയായത്. രക്ഷിതാക്കള്‍ ഉറക്കെ പ്രാര്‍ഥന ചൊല്ലുന്നതും ബന്ധുവായ സ്ത്രീ കുട്ടിയെ ഗംഗാ നദിയില്‍ മുക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇവിടെ തടിച്ചുകൂടിയ ആളുകള്‍ കുട്ടിയെ പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബന്ധുവായ സ്ത്രീ അനുവദിച്ചിരുന്നില്ല. പിന്നീട് ആളുകള്‍ കൂടിച്ചേര്‍ന്ന് കുട്ടിയെ വെളളത്തില്‍ നിന്നും പുറത്തെത്തിച്ചപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു.