ഉള്ളിയേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്


ഉള്ളിയേരി: ഉള്ളിയേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഉള്ളിയേരി എ.യു.പി സ്കൂളിന് സമീപമാണ് അപകടം. കാവുന്തറ അത്തോളി കുനിയിൽ ഫാമിസ്(22) ആണ് അപകടത്തിൽ പെട്ടത്.

ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം. നടുവണ്ണൂർ പഞ്ചായത്തിൽ കാവുന്തറ അത്തോളി കുനിയിൽ ഫാമിസ് ഓടിച്ച ബൈക്കിൽ ബസ് ഇടിയ്ക്കുകയായിരുന്നു. ഉള്ളിയേരി എ.യു.പി സ്കൂളിനും നളന്ദ ആശുപത്രിക്കും ഇടയിൽ വച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫാമിസിനെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വന്നു കൊണ്ടിരുന്ന ബസ് നടുവണ്ണൂർ ഭാഗത്തുനിന്ന് വന്ന ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയി. ഉടനെ തന്നെ നാട്ടുകാർ ഓടിയെത്തുകയും യുവാവിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് റൂട്ടിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.