കൊയിലാണ്ടി സംസ്ഥാന പാതയില്‍ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; പരിക്കേറ്റ യുവാവ് മരിച്ചു


കൊയിലാണ്ടി: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച്‌ പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓമശേരി പുത്തൂര്‍ നടമ്മല്‍ പൊയില്‍ എളവമ്ബ്ര കുന്നുമ്മല്‍ വിനു ആണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെ അഗസ്ത്യന്‍മുഴിക്ക് സമീപം പെരുമ്പടപ്പിൽ ആണ് സംഭവം. വിനുവിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിന്റെയും നില ഗുരുതരമാണ്.

താമരശ്ശേരി ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് പോകുന്ന തീര്‍ഥാടക സംഘം സഞ്ചരിച്ച ട്രാവലറുമായി കൂട്ടിയിടിച്ചാണ് അപകടം. ട്രാവലർ എതിര്‍ദിശയിലേക്ക് വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിനുവിനെയും സുഹൃത്തിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിനു രാത്രിയോടെ മരണമടഞ്ഞു. ആനപാപ്പാനാണ് വിനു.

സുഹൃത്ത് പെരുമ്പടപ്പ് സ്വദേശി അഖിലിന്റെ നിലയും ഗുഗുരുതരമാണെന്നാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.