പതിനേഴ് ദിവസമായി ക്യാമ്പില്‍, ഇനിയും രണ്ടുദിവസം കൂടിയേ ഇവിടെ നില്‍ക്കാനാവൂ” കൊല്ലം ഗുരുദേവ കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന്റെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍
കൊല്ലം: കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ കാരണം അപകടഭീഷണിയിലായ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ സുമതി. നിലവില്‍ ഗുരുദേവ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കുന്ന്യോറമല നിവാസികളായ ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്നത്. ശനിയാഴ്ച എന്തായാലും ഒഴിഞ്ഞ് കൊടുക്കണമെന്ന് കോളേജ് അധികൃതർ പറഞ്ഞതായും അതുകഴിഞ്ഞ് എവിടെ പോകണമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കഴിഞ്ഞ പതിനേഴ് ദിവസമായി ഇവര്‍ ക്യാമ്പില്‍ കഴിയുകയാണ്. 32 കുടുംബങ്ങളാണ് ആദ്യഘട്ടത്തിലുണ്ടായിരുന്നത്. കുറേപ്പേര്‍ ബന്ധുവീടുകളിലും മറ്റും മാറി. ഇരുപതോളം കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്. എന്നാല്‍ ഇവര്‍ എങ്ങോട്ടുപോകണമെന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ തീരുമാനമൊന്നുമുണ്ടായിട്ടില്ലെന്നും കുന്ന്യോറമല നിവാസികള്‍ വലിയ ആശങ്കയിലും പ്രതിസന്ധിയിലുമാണെന്നും സുമതി വ്യക്തമാക്കി.
മഴകാരണം വെള്ളംകയറിയതാണെങ്കില്‍ വെള്ളം ഇറങ്ങിയാല്‍ തിരിച്ച് വീട്ടിലേക്ക് പോകാമെന്നുണ്ട്. എന്നാല്‍ ഇവരില്‍ പലരുടെയും വീട് മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ്. വീടുകള്‍ക്ക് വിള്ളലുകളും സംഭവിച്ചിട്ടുണ്ട്. ഈ സ്ഥിതിയില്‍ ഈ വീടുകളില്‍ താമസിക്കുന്നത് അപകടമുണ്ടാക്കുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.
ഗുരുദേവ കോളേജിന്റെ താഴത്തെ നിലയിലെ അഞ്ച് ക്ലാസ് മുറികളാണ് കുന്ന്യോറമല നിവാസികള്‍ക്കായി തല്‍ക്കാലത്തേക്ക് വിട്ടുനല്‍കിയത്. പരീക്ഷയടക്കം അടുത്തിരിക്കെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് മുറി ഒഴിഞ്ഞുനല്‍കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ശനിയാഴ്ച മുറികള്‍ ഒഴിഞ്ഞുനല്‍കണമെന്നാണ് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടത്. അടിയന്തരമായി താമസ സൗകര്യമൊരുക്കാന്‍ ഇടപെടലുണ്ടാവണമെന്നാണ് ക്യാമ്പിലുള്ളവരുടെ ആവശ്യം.