‘സുമേഷേട്ടനുമൊത്തുള്ള ഒരു പാട്ടോര്‍മ്മ…’; അന്തരിച്ച നടന്‍ ഖാലിദുമൊത്തുള്ള ഗാനത്തിന്റെ വീഡിയോ പങ്കുവെച്ച് നടന്‍ വിനോദ് കോവൂര്‍ (വീഡിയോ കാണാം)


കോഴിക്കോട്: അന്തരിച്ച സിനിമ-സീരിയല്‍ നടന്‍ ഖാലിദിനെ സ്മരിച്ച് സഹപ്രവര്‍ത്തകനും കോഴിക്കോട് സ്വദേശിയുമായ വിനോദ് കോവൂര്‍. ഖാലിദുമൊത്ത് ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട ‘സുമേഷേട്ടനെ’ സ്മരിച്ചത്. മറിമായം എന്ന ജനപ്രിയ സീരിയലിന്റെ ഇടവേളയില്‍ പകര്‍ത്തിയ വീഡിയോ ആണ് ഇതെന്ന് താരം ഒപ്പം കുറിച്ചു.

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു ഖാലിദിന്റെ അന്ത്യം. ലൊക്കേഷനിലെ ശുചിമുറിയില്‍ വീണു കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്.

ഫോര്‍ട്ട് കൊച്ചിയിലെ ചുള്ളിക്കല്‍ സ്വദേശിയാണ് ഖാലിദ്. സൈക്കിള്‍ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്തു സജീവമായതിനു പിന്നാലെ ഫാദര്‍ മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിന്‍ നാഗേഷ്. മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായത്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ മക്കളാണ്.

വീഡിയോ കാണാം: