മണിക്കൂറുകള്‍ നീളുന്ന വാദ്യമേളം, തുടര്‍ന്ന് അര്‍ധരാത്രിയില്‍ ആകാശത്ത് ദൃശ്യവിസ്മയം; കീഴൂര്‍ ആറാട്ട് ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രശസ്തമായ പൂവെടി ഇന്ന്, കാണാനായി ആയിരങ്ങളെത്തും


പയ്യോളി: ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി കീഴൂര്‍ ശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ‘പൂവെടി’ ഇന്ന് നടക്കും. വെടിക്കെട്ട് കലയില്‍ അപൂര്‍വമായി കാണുന്ന പൂവെടികാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നുമായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തിച്ചേരുക.

ക്ഷേത്രത്തില്‍ നിന്നുള്ള ആറാട്ട് എഴുന്നളത്ത് പുറപ്പെട്ട് കഴിഞ്ഞാല്‍ പൂവെടിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. ഇതിനിടയില്‍ ചൊവ്വ വയലില്‍ മൂന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. തുടര്‍ന്നു ആനപ്പുറത്ത് എഴുന്നള്ളിച്ച് കൊണ്ട് വരുന്ന ‘വാതില്‍കാപ്പവരുടെ’ സ്വര്‍ണ്ണകോലം കിഴൂര്‍ ടൗണിന്റെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന പൂവെടിതറയില്‍ ഇറക്കിവെക്കുന്നു.

ഭഗവാന്‍ പൂവെടിത്തറയില്‍ വിശ്രമിക്കുന്നതോടെ താഴെ മണിക്കൂറുകള്‍ നീളുന്ന വാദ്യഘോഷമായി. ഇതിനുശേഷമാണ് വെടിക്കെട്ട് കലയില്‍ അപൂര്‍വമായി കാണുന്ന പൂവെടി പൊട്ടിക്കുക. ജനസഞ്ചയത്തിന് നടുവിലുയര്‍ത്തുന്ന പടുകൂറ്റന്‍ കവുങ്ങിന്‍തടിയില്‍ നടത്തുന്ന കരിമരുന്നുപ്രയോഗമാണ് പൂവെടി. പൊട്ടിക്കുന്നതിന് തൊട്ടുമുമ്പാണ് കവുങ്ങിന്‍തടി ഉയര്‍ത്തുക.

ആദ്യം മുള ചീന്തിയെടുത്ത് നിശ്ചിതയകലത്തില്‍ കള്ളികളാക്കി തിരിച്ച് കവുങ്ങിന്‍തടിയില്‍ സജ്ജീകരിക്കുന്നു. കവുങ്ങിന്റെ മുകള്‍ഭാഗത്തുനിന്ന് താഴെവരെ ഒന്നിനുപിറകെ ഒന്നായി ഈ തട്ടുകള്‍ ഉണ്ടാകും. വേലിപോലെ കെട്ടിയുണ്ടാക്കുന്ന ഓരോ തട്ടിലും അമിട്ട്, ഗുണ്ട്, പകിരി, തിരികള്‍ എന്നിവ സ്ഥാപിക്കും.

തുടര്‍ന്ന് വെടിമരുന്നില്‍ മുക്കിയ തിരിത്തട്ടുകളെ ബന്ധിപ്പിച്ചുകൊണ്ട് മുകളില്‍നിന്ന് താഴേക്കുവരെ നീട്ടിയിടും. തുടര്‍ന്ന് കവുങ്ങിന്‍തടി കെട്ടിയുയര്‍ത്തും. തിരിക്ക് തീകൊളുത്തുന്നതോടെ പൂവെടിത്തട്ടുകള്‍ മനംകുളിര്‍പ്പിക്കുന്ന വര്‍ണവിസ്മയം തീര്‍ക്കുന്നു. ഇതുകാണാന്‍ അര്‍ധരാത്രിയിലും ആളുകള്‍ കാത്തിരിക്കും.

ഇതിനുശേഷം എഴുന്നള്ളത്ത് കുളിച്ചാറാടിക്കലിനായി കണ്ണംകുളത്തേക്ക് പോകും. അവിടെനിന്ന് എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തില്‍ എത്തുന്നതോടെ ഒരാഴ്ച നീണ്ടുനിന്ന ആറാട്ടുത്സവത്തിലെ ക്ഷേത്രച്ചടങ്ങുകള്‍ അവസാനിക്കും.