സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിയെന്ന അപകടത്തിനെതിരെ വാസുദേവാശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളും; ലഹരി വിരുദ്ധ ദിനത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്


നടുവത്തൂര്‍: വാസുദേവാശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കൊയിലാണ്ടി ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി ചേര്‍ന്ന് ലഹരി വിരുദ്ധ ദിനത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. കൊയിലാണ്ടി കോടതിയിലെ അഭിഭാഷകനായ കെ.ടി.ശ്രീനിവാസനാണ് ക്ലാസെടുത്തത്.

സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് നമ്മുടെ നാടുകളില്‍ പടരുകയാണ്. സമൂഹത്തെ കാര്‍ന്നു തിന്നുന്ന അപകടത്തിനെതിരെ കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.

പി.ടി.എ പ്രസിഡണ്ട് കെ.സി.സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അമ്പിളി കെ.കെ.സ്വാഗതവും ഗൈഡ്‌സ് യൂണിറ്റ് ലീഡര്‍ ആര്‍ദ്ര നന്ദിയും പറഞ്ഞു. ഗൈഡ്‌സ് ക്യാപ്റ്റന്‍ ശില്‍പ.സി, സ്റ്റാഫ് സെകട്ടറി സോളമന്‍ ബേബി, കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി വളണ്ടിയര്‍ ഉഷ എന്നിവര്‍ ഈ ക്ലാസിന് നേതൃത്വം നല്‍കി.