ഉത്സവലഹരിയില്‍ അരിക്കുളം എടവനക്കുളങ്ങര ക്ഷേത്രം; ആസ്വദിക്കാം വിവിധ തിറകളും ആലിന്‍കീഴ്മേളവും


കൊയിലാണ്ടി: തിറയുടെയും വാദ്യോപകരണങ്ങളാലും ഭക്തിസാന്ദ്രമാകാന്‍ അരിക്കുളം എടവനക്കുളങ്ങര ക്ഷേത്രം. ഫെബ്രുവരി 27 ന് രാത്രി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി അഴിനോട്ടം തിറ നടക്കും. കേരളത്തിലെ അത്യപൂര്‍വ്വമായ തിറയാണിത്.

തിറയ്ക്ക മുന്നോടിയായി ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് പ്രമുഖ വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന ആലിന്‍കീഴ്മേളം. ചെണ്ട, ചെമ്പ്, കുഴല്‍, ഇലത്താളം ഉള്‍പ്പെടെയുള്ള വാദ്യോപകരണ നാദത്താല്‍ ക്ഷേത്ര പരിസരം ഭക്തിയാലാറാടും. തുടര്‍ന്ന് ഇളനീര്‍ക്കുല വരവുകളും ആറരയ്ക്ക് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരെ ആദരിക്കല്‍ ചടങ്ങും നടക്കും.

അന്നേദിവസം രാത്രി 8.30ന് മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടി മാരാര്‍, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ്, വെളളിനേഴ് ആനന്ദ്, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കാഞ്ഞിലശ്ശേരി പത്മനാഭന്‍, സന്തോഷ് കൈലാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മേളവിസ്മയം അരങ്ങേറും. തുടര്‍ന്ന് നടക്കുന്ന പടിക്കല്‍ എഴുന്നളളിപ്പിന് ശേഷം വിവിധ തിറകള്‍ നടക്കും.

രാത്രി 11നാണ് അഴിനോട്ടം തിറ, ശേഷ ഭഗവതി തിറ. 28ന് പുലര്‍ച്ചെയാണ് അഴിമുറിത്തിറ നടക്കുക. രാവിലെ ഒന്‍പതിന് വലിയതിറ, കുളിച്ചാറാട്ട് എന്നിവ ഉണ്ടാകും.