സണ്‍റൂഫില്‍ രണ്ടുപേര്‍, ഡോറില്‍ ഇരുന്ന് ഒരാള്‍; താമരശ്ശേരി ചുരത്തിലൂടെ യുവതിയുടെയും യുവാക്കളുടെയും അപകടകരമായ യാത്ര, വീഡിയോ വൈറലായതോടെ നടപടിയെടുത്ത് പൊലീസ് (വീഡിയോ കാണാം)


താമരശ്ശേരി: താമരശ്ശേരി ചുരത്തിലൂടെ കാറില്‍ അപകടകരമായി യാത്ര ചെയ്ത യുവതിയുടെയും യുവാക്കളുടെയും വീഡിയോ വൈറല്‍. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറിലാണ് ഇവര്‍ ചുരത്തില്‍ സാഹസിക യാത്ര നടത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് നടപടിയെടുത്തു.

ചുരം കയറി പോകുമ്പോഴാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. അതിവേഗം സഞ്ചരിക്കുന്ന കാറിന്റെ സണ്‍റൂഫ് തുറന്ന് പുറത്തേക്ക് തലയിട്ട് നിന്നാണ് യുവാവും യുവതിയും യാത്ര ചെയ്തത്. ഡോറുകളുടെ ഗ്ലാസുകള്‍ താഴ്ത്തി അതില്‍ ഇരുന്നായിരുന്നു മറ്റൊരു യുവാവിന്റെ യാത്ര.

വിന്‍ഡോയിലൂടെ ഇയാള്‍ പുറത്തേക്ക് ചരിഞ്ഞിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ ഇയാള്‍ക്കരികിലൂടെ കടന്ന് പോകുന്നുമുണ്ട്. ടി.എന്‍-05-സി.എല്‍-1568 എന്ന നമ്പറിലുള്ള മഹീന്ദ്ര എക്സ്.യു.വി കാറിലായിരുന്നു യുവാക്കളുടെ സാഹസികയാത്ര.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് അതിവേഗം നടപടിയുമായി രംഗത്തെത്തിയത്. അപകടകരമായ നിലയില്‍ കാറോടിച്ച ഡ്രൈവര്‍ക്ക് ഹൈവേ പൊലീസ് പിഴ ചുമത്തി. ലക്കിടയില്‍ വെച്ചാണ് കാറിന് 1000 രൂപ പിഴയട്ടത്. താമരശ്ശേരി ഹൈവേ പൊലീസ് എസ്.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിഴ ചുമത്തിയത്. യാത്രക്കാര്‍ ചെന്നൈ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.

ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള മറ്റ് നടപടികള്‍ സ്വീകരിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നതായും വിവരമുണ്ട്.

വീഡിയോ കാണാം:


Related News: വയനാട് അമ്പലവയലിൽ സ്കൂൾ വിദ്യാർത്ഥിനികളെ ജീപ്പിന് പുറത്ത് അപകടകരമായി നിർത്തി സാഹസികയാത്ര; വീഡിയോയുടെ അടിസ്ഥാനത്തിൽ ജീപ്പ് കസ്റ്റഡിയിലെടുത്തു (വീഡിയോ കാണാം)


English Summary: Two men and a woman travelled dangerously in a car at Thamarassery Churam. Highway Police took action after video went viral.