ഇൻഷൂർ ഇല്ലാതെ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇൻഷൂറില്ലാത്ത വാഹനം അപകടത്തിൽ പെട്ടാൽ കർശന നടപടി, ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഇൻഷൂർ ഇല്ലാതെ വാഹനം ഓടിക്കുന്നതും അപകടത്തിൽ പെടുന്നതും നാട്ടിൽ ഇപ്പോൾ സാധാരണമാണ്. അത്തരത്തിൽ ഇൻഷൂർ ഇല്ലാതെ വാഹനമോടിക്കുന്നവരെ പൂട്ടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽ പെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നിയമ ലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ ആർടിഒ, സബ് ആർടിഒ എന്നിവർക്ക് നിർദേശം നൽകി ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി. 1988ലെ മോട്ടോർ വാഹന നിയമം വകുപ്പ് 146, 196 എന്നിവ പ്രകാരവും കെ.എം.വി.ആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റം. അപകടത്തിൽ പെട്ട വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ അതാത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാർജ് കൂടി ചാർജ് ഷീറ്റിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിക്കണം. ഇതിനായി രേഖാമൂലം തന്നെ ആർ.ടി.ഒ നടപടികൾ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു സർക്കുലറിൽ പറയുന്നു. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാർ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിർദേശമുണ്ട്. Summary: Motor vehicle department has issued an order to take strict action if the vehicle is involved in an accident without insurance