കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പേരാമ്പ്ര മേഖലയില്‍ ഇന്നലെയും ഇന്നുമായി രണ്ട് പരാതികള്‍; പരാതി നല്‍കാത്ത മറ്റൊരു സംഭവവും: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്


പേരാമ്പ്ര: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമംനടന്നെന്ന രീതിയില്‍ പേരാമ്പ്ര മേഖലയില്‍ നിന്നും ഇന്നലെയും ഇന്നുമായി രണ്ട് പരാതികള്‍ വന്നതോടെ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കായണ്ണയില്‍ നിന്നും വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പേരാമ്പ്ര പൊലീസില്‍ പരാതി വന്നതിനു പിന്നാലെയാണ് ഇന്ന് അരിക്കുളം കുരുടിമുക്കിലെ വീട്ടില്‍ നിന്നും വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി മേപ്പയ്യൂര്‍ പൊലീസില്‍ പരാതി വന്നത്.

പൊലീസില്‍ പരാതിപ്പെട്ട സംഭവങ്ങള്‍ക്കു പുറമേ കഴിഞ്ഞദിവസം മരുതേരിയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഫോണിലൂടെ പൊലീസിനെ വിവരം അറിയിച്ചതല്ലാതെ പരാതി നല്‍കിയിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രകാശ് ലാല്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു കുരുടിമുക്കിലെ കറുത്തേടത്ത് മിത്തല്‍ സാബത്തിന്റെ മകള്‍ ഫാത്തിമ ഷെറിനെയാണ് അധ്യാപകരെന്ന വ്യാജേന വീട്ടിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമടങ്ങുന്ന സംഘം വീട്ടിലെത്തുകയും കുട്ടിക്ക് ഐഡികാര്‍ഡ് എടുത്തിട്ടില്ലെന്നും ഇതിനായി ഫോട്ടോ എടുക്കുന്നതിനായി കുട്ടിയെ യൂണിഫോമില്‍ തങ്ങള്‍ക്കൊപ്പം അയക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ കുട്ടിയുടെ ഉമ്മ സ്‌കൂളിലെ ടീച്ചറുമായി ബന്ധപ്പെടുകയായിരുന്നു. ഐഡി കാര്‍ഡുമായി ബന്ധപ്പെട്ട് ആരേയും അയച്ചിട്ടില്ലെന്നാണ് ടീച്ചര്‍ നല്‍കിയ മറുപടി. ഇതിനിടയില്‍ അമളി മനസിലാക്കിയ സംഘം യുവതി അകത്തുപോയ തക്കത്തിന് വാഹനവുമായി കടന്നു കളഞ്ഞു.

ഗ്രേ കളര്‍ ഒമിനി വാനിലാണ് സംഘം വീട്ടിലെത്തിയതെന്ന് കുട്ടിയുടെ വാപ്പ സാബത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. കുട്ടിക്ക് ഐഡി കാര്‍ഡില്ലെന്ന വിവരം സംഘത്തില്‍പെട്ടവര്‍ക്ക് എങ്ങനെ അറിയാമെന്നത് സംശയമുളവാക്കുന്നു.

ഇന്നലെ വൈകുന്നേരം അഞ്ചമുക്കാലോടെയാണ് കായണ്ണയില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതെന്നാണ് പരാതിക്കാരനായ സാജിദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. സ്‌കൂള്‍ വിട്ട് ബസിറങ്ങി നടക്കവെ ഒമ്‌നി വാനിലെത്തിയ ഒരാള്‍ വീട്ടിലേക്ക് കൊണ്ടുവിടാം വണ്ടിയില്‍ കയറൂവെന്ന് കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതോടെ കുട്ടി വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

രണ്ടുദിവസം മുമ്പാണ് മരുതേരിയിലും സമാനമായ സംഭവമുണ്ടായത്. ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന മകളെ കണ്ട വാന്‍ റിവേഴ്‌സ് എടുത്ത് ഡോര്‍ തുറക്കാന്‍ ശ്രമിച്ചതോടെ മകള്‍ ഓടുകയായിരുന്നുവെന്നാണ് പ്രകാശ് ലാല്‍ പറഞ്ഞത്.

കായണ്ണയില്‍ നിന്നുലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയെന്ന് പേരാമ്പ്ര പൊലീസ് അറിയിച്ചു. കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിനുശേഷമേ പറയാന്‍ കഴിയൂവെന്നും പൊലീസ് വ്യക്തമാക്കി.