ജീവിതത്തില്‍ അറിഞ്ഞും ചിന്തിച്ചും അനുഭവിച്ചും എഴുത്തുണ്ടാക്കിയ സാഹിത്യകാരന്‍; പാലേരിയുടെ കഥാകാരന്‍ ടി.പി രാജീവന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്


പേരാമ്പ്ര: പാലേരിയുടെ കഥാകാരന്‍ ടി.പി.രാജീവന്‍ ഓര്‍മ്മയായിട്ട് ഒരാണ്ട് തികയുകയാണ്. പാലേരിയില്‍ ജനിച്ച് കോട്ടൂരില്‍ അവസാനകാലം ചെലവിട്ട ടി.പി രാജീവന്റെ എഴുത്തില്‍ ഈ രണ്ട് ഗ്രാമങ്ങളും അവിടുത്തെ ജീവിതവുമായിരുന്നു നിറഞ്ഞുനിന്നത്.

രാജീവന്റെ അച്ഛന്റെ വീടാണ് പാലേരി. കോട്ടൂര്‍ അമ്മയുടേതും. രണ്ടുഗ്രാമങ്ങളുടെയും ചരിത്രവും പുരാണവും ഐതിഹ്യങ്ങളും വായിച്ചും കേട്ടും അറിഞ്ഞ രാജീവന്റെ രണ്ട് നോവലുകളിലും ആ ഗ്രാമങ്ങള്‍ കാണാം. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍ കോട്ടൂര്‍; എഴുത്തും ജീവിതവും എന്നീ നോവലുകള്‍ക്ക് ചലച്ചിത്രഭാഷ്യം കൂടി കൈവന്നപ്പോള്‍ അത് കൂടുതല്‍ ജനകീയമായി.

വിദ്യാര്‍ഥിയായിരിക്കെ എഴുതിതുടങ്ങിയ ടി.പി രാജീവന്‍ എഴുത്തിലൂടെ ഭാഷയുടെ അതിരുകള്‍ ഭേദിച്ചു. ഇറ്റാലിയന്‍, പോളിഷ്, ക്രൊയേഷ്യന്‍, ബര്‍ഗേറിയന്‍, ഹീബ്രു, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് മറാഠി തുടങ്ങി നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.

മലയാളത്തിനൊപ്പം ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്തിരുന്ന രാജീവന്‍ രണ്ട് ഭാഷകളിലും കവിതകളും നോവലുകളും എഴുതി. സ്വന്തം കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു.

സമൂഹത്തിലെ തെറ്റുകള്‍ക്കെതിരെ രാജീവന്‍ നിരന്തരം ശബ്ദമുയര്‍ത്തി. കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ റാങ്ക് പട്ടിക അട്ടിമറിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിആര്‍ഒ ആയി നിയമനം നേടിയ രാജീവന്‍ സര്‍വകലാശാലയിലെ ക്രമക്കേടുകള്‍ക്കെതിരെ എഴുത്തിലൂടെ പ്രതികരിച്ചത് അധികാരികളെ ചൊടിപ്പിച്ചു. ഉത്തരാധുനികതയുടെ സര്‍വകലാശാലാ പരിസരം എന്ന ലേഖനവും കുറുക്കന്‍ എന്ന കവിതയും ടി.പി. രാജീവനെ കാലിക്കറ്റ് സര്‍വകലാശാലയിലെ സിപിഎം അനുകൂല സര്‍വീസ് സംഘടനയ്ക്കും വൈസ് ചാന്‍സലറായിരുന്ന കെ.കെ.എന്‍. കുറുപ്പിനും അനഭിമതനാക്കി.

യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ചശേഷം കോട്ടൂര്‍ നരയംകുളത്തായിരുന്നു രാജീവന്‍ താമസമാക്കിയത്. അവിടെ ‘എഴുത്തുഗ്രാമം’ എന്ന പേരില്‍ വിദേശസാഹിത്യകാരന്മാര്‍ക്ക് വന്നുതാമസിക്കാനും എഴുതാനുമുള്ള ഇടമുണ്ടാക്കുകയെന്നത് വലിയ സ്വപ്‌നമായിരുന്നു. എന്നാല്‍ അക്കാദമിക്കുകകളുടെ പിന്തുണ കിട്ടാത്തിതനാല്‍ അത് നടന്നില്ല. നാട്ടില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. ചെങ്ങോട്ട്മല സമരത്തിനൊപ്പം ആദ്യാവസാനം കണ്ണിചേര്‍ന്നു. അതിന്റെ പേരില്‍ ഭീഷണികള്‍വരെ ഉണ്ടായെങ്കിലും എന്നും നിലപാടില്‍ ഉറച്ചുനിന്നു.

പ്രണയത്തെപ്പറ്റി നൂറ് കവിതകള്‍ അദ്ദേഹം എഴുതിയിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി രചിച്ച ആ കവിതകള്‍ ഭാഷയ്ക്കും അതീതമായി നിലകൊണ്ടു. ഏകാന്തതയെപ്പറ്റി ആയിരം കവിതകള്‍ എഴുതണമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് രാജീവന്‍ പോയത്. എഴുത്തിലൂടെയും സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളിലൂടെയും ഏവരുടേയും മനസില്‍ ഒരാണ്ടിനിപ്പുറവും തിളങ്ങി നില്‍ക്കുകയാണ് ടി.പി.രാജീവന്‍.