തിമർത്ത് പെയ്ത് മഴ, കുത്തിയൊഴുകി വെള്ളം; വേനൽമഴയെ തുടർന്ന് പേരാമ്പ്രയിൽ നടുറോഡിൽ വെള്ളക്കെട്ട് (വീഡിയോ കാണാം)


പേരാമ്പ്ര: കടുത്ത ചൂടിൽ ആശ്വാസമായി ഒരു വേനൽ മഴ പെയ്തിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിച്ചവരാണ് നമ്മളെല്ലാവരും. എന്നാൽ തുടർച്ചയായി പെയ്ത വേനൽമഴയെ തുടർന്ന് റോഡ് പുഴയായ ദൃശ്യങ്ങളാണ് പേരാമ്പ്രയിൽ നിന്നും വരുന്നത്. ഇന്നലെയും ഇന്നുമാ‌യി മഴ തകർത്ത് പെയ്തതോടെയാണ് റോഡ് മുഴുവൻ മഴവെള്ളം നിറഞ്ഞത്. ന​ഗരത്തിലെ കോഴിക്കോട്- കുറ്റ്യാടി പാതയിലാണ് വെള്ളക്കെട്ട് അനുഭവപ്പെട്ടത്. മഴയും വെള്ളക്കെട്ടും ജനങ്ങൾ ആഘോഷമാക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പേരാമ്പ്ര ന​ഗരത്തിലും സമീപ പഞ്ചായത്തുകളിലും ഇന്ന് മഴ ലഭിച്ചിരുന്നു. ചിനുങ്ങി, ചിനുങ്ങി പെയ്ത മഴ ഉച്ചയോടുകൂടി ശക്തിപ്രാപിക്കുകയായിരുന്നു. പേരാമ്പ്ര ബസ് സ്റ്റാന്റിന് സമീപം മുതൽ ചെമ്പ്ര റോഡ് മുക്ക് വരെയാണ് റോഡിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. റോഡിന് സമീപത്തെ നടപ്പാതയുടെ ഉയരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

കേരളത്തിൽ വേനൽമഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് തന്നിരുന്നു. ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലുൾപ്പെടെ ശക്തമായ മഴയും ഇടിമിന്നലുമാണ് ഇന്ന് അനുഭവപ്പെട്ടത്.