പ്രിയപ്പെട്ട തപാല്‍പ്പെട്ടിയെ അറിയാന്‍; തപാല്‍ ദിനത്തില്‍ കൊല്ലം പോസ്റ്റ് ഓഫീസില്‍ വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം
കൊയിലാണ്ടി: തപാല്‍ ദിനത്തിനോടനുബന്ധിച്ച് കൊല്ലം യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലം പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു. അധ്യാപികമാരായ കീര്‍ത്തന കെ, രശ്മി. കെ എന്നിവരോടൊപ്പമാണ് വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശനം നടത്തിയത്.
കത്തിടപാടുകള്‍ കുറഞ്ഞ പുതിയ കാലത്ത് പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചത് കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായി മാറി. ജീവനക്കാരായ പോസ്റ്റല്‍ അസിസ്റ്റന്റ് ശ്രീനിമ, ശോഭന, സബിന എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് തപാല്‍ സംവിധാനത്തെ കുറിച്ചും ലഭ്യമായ മറ്റ് സേവനങ്ങളെ കുറിച്ചും വിവരങ്ങള്‍ നല്‍കി. പിന്‍കോഡ് സംവിധാനം ഉപയോഗിച്ച് കത്തുകള്‍ തരംതിരിക്കുന്നതും രജിസ്‌ട്രേഡ് കത്തുകളുടെ പ്രാധാന്യവും പോസ്റ്റല്‍ കാര്‍ഡുകളില്‍ മേല്‍ വിലാസം എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ജീവനക്കാര്‍ വിശദീകരിച്ചു നല്‍കി.
പോസ്‌റ്റോഫീസുകള്‍ വഴി ലഭ്യമാകുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റല്‍ കാര്‍ഡ് വിതരണം ചെയ്തു.
ഫോണ്‍ വന്നതോടെ കത്തിടപ്പാടുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും
പുതിയ തലമുറയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കത്ത് എഴുതുന്നത് പോലും അറിയാത്ത സാഹചര്യമാണെന്നും പോസ്‌റ്റോഫീസ് സന്ദര്‍ശനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തപാല്‍ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചുവെന്നും സന്ദര്‍ശനം നടത്തിയ അധ്യാപികമാര്‍ വ്യക്തമാക്കി.