മണ്ണിടിച്ചില്‍ ഭീഷണിയില്‍ കോമത്തുകരയിലെ മൂന്ന് വീടുകള്‍; ഇനിയെന്ന് വീട്ടിലേക്ക് തിരിച്ചുവരാനാകുമെന്നറിയാതെ വീട്ടുകാര്‍


കൊയിലാണ്ടി: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കൊയിലാണ്ടി കോമത്തുകരയിലെ മൂന്ന് കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍. കോമത്തുകര കിഴക്കെ പുത്തന്‍വളപ്പില്‍ സുരേന്ദ്രന്‍, ആവണിയില്‍ പത്മിനി, ചാരപറമ്പില്‍ ലക്ഷ്മി എന്നിവരുടെ വീടുകളാണ് അപകടഭീഷണി നേരിടുന്നത്.

അപകട ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ ഇവരോട് വീടൊഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതായിരുന്നു. ഇത്തവണ ആദ്യമഴയ്ക്കുതന്നെ വലിയ തോതില്‍ മണ്ണിടിഞ്ഞതോടെ ഇനി തിരിച്ചുവരുമ്പോള്‍ വീടുതന്നെയുണ്ടാകുമോയെന്ന ആശങ്കയിലാണിവര്‍.

വീടുതന്നെ ഇടിഞ്ഞുവീഴുമോയെന്ന ആശങ്കയാണിപ്പോഴെന്ന് ആവണിയില്‍ പത്മിനി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് അരിക്കുളത്ത് വാടക വീട്ടിലേക്ക് മാറേണ്ടിവന്നത്. വാടകയിനത്തിലുള്ള തുക അധികൃതരില്‍ നിന്നും കിട്ടാറുണ്ട്. പക്ഷേ എത്രകാലം ഇത് നീണ്ടുപോകുമെന്ന് അറിയില്ലെന്നും പത്മിനി പറഞ്ഞു. വീട്ടുസാധനങ്ങള്‍ മുഴുവനും വാടക വീട്ടിലേക്ക് കൊണ്ടുപോയിരുന്നില്ല. കഴിഞ്ഞദിവസത്തെ മണ്ണിടിച്ചലോടെ സാധനങ്ങള്‍ എടുത്തുമാറ്റാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും പത്മിനി പറഞ്ഞു.

ഏറെ കഷ്ടപ്പെട്ട് പണിത വീട്ടില്‍ താമസിക്കാന്‍ പോലും കഴിയാത്തതിന്റെ വേദനയിലാണിവര്‍. എത്രകാലം ഇങ്ങനെ താമസിക്കേണ്ടിവരുമെന്നോ, എന്നെങ്കിലും ഈ വീട്ടിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്നോ പോലും അറിയാത്ത അവസ്ഥയിലാണിവര്‍. ദേശീയപാത നിര്‍മാണ വിഭാഗവും ജില്ലാ ഭരണകൂടവും ഇടപെട്ട് തങ്ങളുടെ കാര്യത്തില്‍ ശാശ്വതമായ പരിഹാരം കാണണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.