തിക്കോടിയിലെ കടകളില്‍ മോഷണ ശ്രമം; സി.സി.ടി.വി ദൃശ്യങ്ങളില്‍ നാല് യുവാക്കള്‍ (വീഡിയോ കാണാം)


തിക്കോടി: തിക്കോടിയിലെ കടകളില്‍ മോഷണ ശ്രമം. തിങ്കളാഴ്ച രാത്രിയാണ് മോഷണ ശ്രമം ഉണ്ടായത്. നാല് പേരാണ് മോഷണ ശ്രമം നടത്തിയത്. ഇവര്‍ കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു.

തിക്കോടിയിലെ ഫാന്‍സി കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിക്കുന്നതാണ് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞത്. ഷട്ടര്‍ തുറക്കാന്‍ സാധിക്കാതിരുന്നതോടെ ഇവര്‍ അടുത്തുള്ള പച്ചക്കറി കടയിലേക്ക് പോകുകയും അവിടെ നിന്ന് പണം മോഷ്ടിക്കുകയും പച്ചക്കറികള്‍ നശിപ്പിക്കുകയും ചെയ്തു.

ഇതിന് ശേഷം അടുത്ത് തന്നെയുള്ള ആരാധന ഹോട്ടലില്‍ കയറിയ മോഷ്ടാക്കള്‍ അവിടെയുള്ള ഇന്‍വെര്‍ട്ടറിന്റെ ബാറ്ററി എടുത്ത് കൊണ്ട് പോയി റെയില്‍പാളത്തിന് സമീപം പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചു. പിന്നീട് അടുത്തുള്ള എ.ബി.സി സൂപ്പര്‍ മാര്‍ക്കറ്റിലും ഇവര്‍ പോയിരുന്നു.

വീണ്ടും ഫാന്‍സി കടയ്ക്ക് മുന്നിലെത്തിയ മോഷ്ടാക്കള്‍ സി.സി.ടി.വി ക്യാമറയുടെ ബോക്‌സ് തകര്‍ക്കുകയും ക്യാമറകള്‍ മുകളിലേക്ക് തിരിച്ച് വയ്ക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ ആദ്യം ഷട്ടര്‍ തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യം അതിനകം ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതില്‍ മോഷ്ടാക്കളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ള യുവാക്കള്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാനുള്ള അന്വേഷണം നടക്കുന്നതായി പയ്യോളി പൊലീസ് പറഞ്ഞു.

വീഡിയോ കാണാം: